കര്‍ണാടകയിലെ കുടകില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നതോടൊപ്പം അതിര്‍ത്തിയില്‍ താത്കാലിക ആശുപത്രി ഒരുക്കുകയാണ് വയനാട് ജില്ലാ ഭരണകൂടം. ബാവലി ചെക്ക് പോസ്റ്റിനോട് ചേര്‍ന്നാണ് താത്കാലിക ആശുപത്രിയും അനുബന്ധ സൌകര്യങ്ങളും ഒരുങ്ങുന്നത്.
ലോക്ക് ഡൌണ്‍ ഇളവുകള്‍ വരുന്ന മുറക്ക് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവരെ സ്വീകരിക്കാനുള്ള സൌകര്യമൊരുക്കുകയാണ് വയനാട് ജില്ലാ ഭരണകൂടം. തിരുനെല്ലി ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ബാവലി അതിര്‍ത്തി ചെക്ക് പോസ്റ്റിനോട് ചേര്‍ന്നാണ് താത്കാലിക സംവിധാനമൊരുങ്ങുന്നത്. മടങ്ങിയെത്തുന്നവരുടെ മെഡിക്കല്‍ പരിശോധന നടത്താനുള്ള സൌകര്യങ്ങള്‍ കൂടി ഇവിടെയുണ്ടാകും. 5 ബെഡുകളുള്ള താത്കാലിക ആശുപത്രിയില്‍ 2 ഡോക്ടര്‍മാരുടെ സേവനം ലഭിക്കും.
ബാവലിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ആരോഗ്യകേന്ദ്രം ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് സന്ദര്‍ശിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ഇവിടെ രണ്ട് ശുചിമുറികളും കുളിമുറിയും നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ നിന്നെത്തുന്നവരെ മുഴുവന്‍ ഉള്‍കൊള്ളാനുള്ള സൌകര്യങ്ങള്‍ തിരുനെല്ലി പഞ്ചായത്തിലില്ല. ജില്ലയിലെ മറ്റിടങ്ങളിലെ കോവിഡ് സെന്ററുകള്‍ കൂടി ഇതിനായി ഉപയോഗപ്പെടുത്തേണ്ടിവരും
അതിര്‍ത്തി ജില്ലയായ വയനാട്ടില്‍ ലോക്ക് ഡൌണ്‍ അവസാനിക്കുന്നതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ കൂടി സേവനം ഉറപ്പുവരുത്താനും പദ്ധതിയുണ്ട്.