കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച നാലുമാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. ജനിച്ചപ്പോൾ തന്നെ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞ് ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഗുരുതരാവസ്ഥയിലായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു.
മഞ്ചേരി സ്വദേശിയായ കുഞ്ഞിന്റെ ബന്ധുവിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്നാണ് സംശയം. അതേസമയം കുഞ്ഞിന്റെ മാതാപിതാക്കളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഏപ്രില്‍ 17 ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നു. ന്യുമോണിയ ബാധിച്ചെന്ന് കണ്ടെത്തിയതോടെ അതേദിവസം തന്നെ മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം അപസ്മാര ലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ ഈ കുട്ടിക്ക് ഉൾപ്പെടെ സംസ്ഥാനത്ത് 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഹൗസ് സർജന്മാരും ഒരു നഴ്സും കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്.