തൃശ്ശൂർ: ജില്ലയിലെ അവസാനത്തെ കൊവിഡ് രോഗിയും ഇന്ന് ആശുപത്രി വിടും. ചാലക്കുടി സ്വദേശിയായ15-കാരനാണ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്നത്. വിദേശത്ത് നിന്നും മടങ്ങിയെത്തിയ അച്ഛനിൽ നിന്നാണ് കുട്ടിക്ക് അസുഖം പകർന്നത്. നേരത്തെ കുട്ടിയുടെ അമ്മയോടൊപ്പമായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. അമ്മയ്ക്കു നേരത്തെ രോഗം ബേധമായിരുന്നു.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ കൊവിഡ് ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന കുട്ടി തുടർച്ചയായി മൂന്ന് പരിശോധനകളിലും നെഗറ്റീവായതോടെയാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇനിയുള്ള 15 ദിവസം ചാലക്കുടിയിലെ വീട്ടിൽ ഇവൻ ചികിത്സയിൽ തുടരും.
ഇന്ത്യയിൽ ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ചത് തൃശ്ശൂരിലാണ്. രണ്ടാമതും സാംപിൾ ഫലം നെഗറ്റീവായതോടെ മൂന്ന് പേരെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തിരുന്നു. 10,030 പേരാണ് ജില്ലയിൽ ഇനി നിരീക്ഷണത്തിലുള്ളത്. ഇതിൽ 11 പേർ ആശുപത്രിയിലാണ്. 12 സാന്പിളുകളുടെ ഫലം കിട്ടാനുണ്ട്.നിരീക്ഷണത്തിലുള്ളവർക്ക് പിന്തുണയേകുന്നതിനായി കൗൺസിലിംഗ് നൽകുന്നുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.ദ്രുത കർമ്മ സേനയുടെ നേതൃത്വത്തിൽ രണ്ടായിരത്തിലധികം വീടുകളും സന്ദർശിച്ചു