എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ
ഉത്തരവാദിത്ത രക്ഷാകർതൃത്വത്തെക്കുറിച്ച് മാർഗനിർദേശം നൽകാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസലിംഗ് സൗകര്യം ഒരുക്കുന്നതിനുമായി സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകൾക്ക് തുടക്കമായി. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പാരന്റിംഗ് ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.
കുട്ടികളോടുളള ആത്മാർത്ഥമായ സ്നേഹത്തിന്റെ അഭാവം മൂലമല്ല മറിച്ച് ശാസ്ത്രീയമായ രക്ഷാകർതൃത്വത്തെക്കുറിച്ചുളള അവബോധമില്ലായ്മയാണ് രക്ഷിതാക്കൾ പലപ്പോഴും പരാജയപ്പെടാൻ കാരണമെന്ന് മന്ത്രി പറഞ്ഞു. സങ്കീർണമായ നിരവധി വെല്ലുവിളികളാണ് കുട്ടികൾ അനുദിനം നേരിട്ടുകൊണ്ടിരിക്കുന്നത്. പല കുട്ടികളിലും സ്വഭാവ വൈകാരിക മാനസികാരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കുന്നതായും മന്ത്രി വ്യക്തമാക്കി.
രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസലിംഗ് സൗകര്യം ഒരുക്കുന്നതിനും ആവശ്യാനുസരണം റഫറൽ അടിസ്ഥാനത്തിൽ വിദഗ്ദ്ധ പരിചരണം ഉറപ്പാക്കാനും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളായാണ് ഗുഡ് പാരന്റിംഗ് ക്ലിനിക്കുകളെ വിഭാവനം ചെയ്തിട്ടുളളത്.
158 കേന്ദ്രങ്ങളിലാണ് പാരന്റിംഗ് ക്ലിനിക്കുകൾ പ്രവർത്തിക്കുക. കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും കോർപറേഷനുകളിലും ഓരോ കേന്ദ്രങ്ങൾ ഉണ്ടാകും. നിലവിൽ ബ്ലോക്ക്, മുൻസിപ്പൽ കോർപറേഷൻ തലങ്ങളിൽ ഐ.സി.ഡി.എസിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂട്രിഷൻ ക്ലിനിക്കുകളുടെ പശ്ചാത്തല സൗകര്യം പ്രയോജനപ്പെടുത്തിയാണ് പാരന്റിംഗ് ക്ലിനിക്കുകൾ പ്രവർത്തിക്കുക. ബ്ലോക്കുതലത്തിലുള്ള ശിശു വികസന ഓഫീസിനോട് അനുബന്ധമായാണ് ഇവയുടെ പ്രവർത്തനം. പാരന്റിംഗ് ക്ലിനിക്കുകൾക്ക് പരിശീലനം ലഭിച്ച സ്കൂൾ കൗൺസലർമാർ നേതൃത്വം നൽകും. എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ക്ലിനിക്ക് പ്രവർത്തിക്കും. തുടർന്ന് ആവശ്യമെങ്കിൽ ദിവസങ്ങളുടെ എണ്ണവും സേവന സമയവും ദീർഘിപ്പിക്കും.
സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, സ്റ്റേറ്റ് മെന്റൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. കിരൺ, സ്റ്റേറ്റ് അഡോളസന്റ് ഹെൽത്ത് പ്രോഗ്രാം നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ, മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ. അനിൽകുമാർ, അസോ. പ്രൊഫസർ ഡോ. അരുൺ ബി. നായർ, ബെംഗലൂർ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് ഫാ. ജോയി ജെയിംസ്, ഐസിപിഎസ് പ്രോഗ്രാം മാനേജർ വി.എസ്. വേണു, അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ് എന്നിവർ സംസാരിച്ചു.