ന്യൂഡൽഹി: ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട നോവൽ കൊറോണ വൈറസ് എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് ഇന്ത്യ മഹാരാജ്യം. എന്നാൽ, ഇന്ത്യയിൽ രോഗം പടർത്താൻ കഴിയുന്ന ചൈനയിൽ നിന്നുള്ള മറ്റൊരു വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ശാസ്ത്രജ്ഞർ.
ചൈനയിൽ നിരവധി പേരെ ഇതിനകം ബാധിച്ച ക്യാറ്റ് ക്യു വൈറസിനെക്കുറിച്ചാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മുന്നറിയിപ്പ് നൽകുന്നത്. ഇന്ത്യയിലെ പനി രോഗങ്ങൾ, മെനിഞ്ചിറ്റിസ്, പീഡിയാട്രിക് എൻസെഫലൈറ്റിസ് എന്നീ അസുഖങ്ങൾക്ക് ഈ വൈറസ് കാരണമാകും.
ചൈനയിലും വിയറ്റ്നാമിലും ക്യാറ്റ് ക്യു വൈറസ് (സി ക്യു വി) സാന്നിധ്യം സ്ഥിരീകരിച്ചു കഴിഞ്ഞു. ക്യൂലക്സ് കൊതുകുകളിലും പന്നികൾക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. സി ക്യു വിയുടെ പ്രാഥമിക സസ്തനി ഹോസ്റ്റുകൾ പന്നികളാണ്. ഐസിഎംആർ പഠനമനുസരിച്ച് ഇന്ത്യൻ കൊതുകുകളായ ഈജിപ്റ്റി, സിഎക്സ്. ക്വിൻക്ഫാസിയാറ്റസ്, സിഎക്സ്. ട്രൈറ്റേനിയർഹിഞ്ചസ് എന്നിവ എളുപ്പത്തിൽ സിക്യുവി വൈറസിന് കീഴ്പ്പെടും.
പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞർ രാജ്യത്തെ 883 മനുഷ്യ സെറം സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ട് എണ്ണത്തിൽ സിക്യുവി ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി. ഇതിനർത്ഥം ആ ആളുകൾക്ക് ചില സമയങ്ങളിൽ അണുബാധയുണ്ടായി എന്നാണ്. അതുകൊണ്ടു തന്നെ രാജ്യത്ത് സി ക്യു വി ബാധിക്കുമെന്നുള്ള ഭയം ഇത് ഉണ്ടാക്കി.
സിക്യുവി ആന്റി ബോഡികൾ കണ്ടെത്തിയ രണ്ട് സാമ്പിളുകൾ കർണാടകയിൽ നിന്നാണ്. ഒന്ന് 2014 മുതലും മറ്റൊന്ന് 2017 മുതലും. അതേസമയം, മനുഷ്യരുടെയും മൃഗങ്ങളുടെയും സാമ്പിളുകളിൽ വൈറസിനെ കണ്ടെത്തിയിട്ടില്ല.