ഹയർസെക്കൻഡറി, വിഎച്ച്എസ്സി പരീക്ഷാ ഫല പ്രഖ്യാപനം മാറ്റി. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പത്താം തീയതിയായിരുന്നു ഫല പ്രഖ്യാപനം തീരുമാനിച്ചിരുന്നത്. ട്രിപ്പിൾ ലോക് ഡൗൺ പശ്ചാത്തലത്തിൽ ബോർഡ് യോഗം ചേരാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതാണ് ഫല പ്രഖ്യാപനം മാറ്റാൻ ഇടയാക്കിയത്. മൂല്യ നിർണയം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
തിരുവനന്തപുരത്ത് കൊവിഡ് രൂക്ഷമായതോടെ ഇന്നലെയാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഒരാഴ്ചത്തേക്കാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. കടകൾ പ്രവർത്തിക്കുമെങ്കിലും പോയി വാങ്ങാൻ അനുവദിക്കില്ല. അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ച് നൽകും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മരുന്ന് കടകളും മാത്രമാകും ഈ സാഹചര്യത്തിൽ തുറക്കുക. ആശുപത്രികളും പ്രവർത്തിക്കും. ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം അടച്ചു.