പാക് അധിനിവേശ കശ്മീരിൽ പാകിസ്താന്റെ സേനാവിന്യാസം. ഇരുപതിനായിരത്തോളം സൈനികരെ വിന്യസിച്ചു എന്നാണ് റിപ്പോർട്ടുകൾ. പാക് ഭീകര സംഘടനകളെ ഉപയോഗിച്ച് ജമ്മു കാശ്മീരിൽ സംഘർഷമുണ്ടാക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യ സംശയിക്കുന്നു. കിഴക്കൻ ലഡാക് വിഷയത്തിൽ ഇന്തോ – ചൈന കമാൻഡർ തല ചർച്ചകൾ പൂർത്തികരിച്ചതിന് പിന്നാലെയാണ് വടക്കൻ ലഡാക്കിനോട് ചേർന്ന പ്രദേശത്ത് ചൈനയുടെ സഹായത്തോടെ പാകിസ്താൻ പ്രകോപനം.
പാക് അധിനിവേശ കശ്മീരിലെ ഗിൽജിത് ബാൾടിസ്ത്താൻ മേഖലലയിലാണ് പാകിസ്താൻ സേന വിന്യാസം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. ഈ മേഖല വടക്കൻ ലഡാക്കിനോട് ചേർന്ന പ്രദേശമാണ്. ചൈനയുടെ പ്രേരണ കൊണ്ടാണ് പാകിസ്താൻ ഇത്രയും പട്ടാളക്കാരെ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നതെന്ന സംശയം ഇന്ത്യക്കുണ്ട്. ചൈനയും പാകിസ്താനും സംയുക്തമായി സൈനിക നടപടികളിലേക്ക് കടക്കാനാണോ ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര സർക്കാർ നിരീക്ഷിച്ചു വരികയാണ്.
2019ൽ ഇന്ത്യയുടെ ബാലകോട്ട് ആക്രമണത്തിന് ശേഷം പോലും പാകിസ്താൻ ഇത്രയും സൈനികരെ വിന്യസിച്ചിരുന്നില്ല. പാക് അധിനിവേശ കശ്മീരിലെ എയർ ബേസിൽ ചൈനീസ് വിമാനം ഇറങ്ങി എന്ന റിപ്പോർട്ടുകളും ഉണ്ട്. ഇതിനിടെ പാകിസ്താൻ ഭീകര സംഘടനകളെ ഉപയോഗിച്ച് ജമ്മു കശ്മീരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യ സംശയിക്കുന്നു. കിഴക്കൻ ലഡാക്കിൽ ഉണ്ടായ സംഘർഷത്തിന് അയവു വരുത്താൻ കമാണ്ടർ തല ചർച്ചയിൽ ഇന്ത്യയും ചൈനയും ധാരണയായതിന് പിന്നാലെയാണ് പാകിസ്താനെ ഉപയോഗിച്ചുള്ള പുതിയ പ്രകോപനം.