രാജ്യത്ത് കോവിഡ് 19 വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. ആളുകൾ മുന്നറിയിപ്പുകൾ ഗൌരവമായി കണക്കിലെടുക്കാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടി കൂടുതൽ കർക്കശമായി നടപ്പാക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് ടോപ്പെയും സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടുമെന്നത് സംബന്ധിച്ച സൂചന നൽകി. മുംബൈ ഉൾപ്പടെ മഹാരാഷ്ട്രയിലെ എല്ലാ പ്രദേശങ്ങളിലും രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ നീട്ടുമെന്നാണ് റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. അതിനിടെ ദക്ഷിണേഷ്യയിൽ കോവിഡ് 19 കേസുകൾ ആറായിരം ആയി ഉയർന്നു.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കോവിഡ് 19 ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. ഇതിനോടകം 2902 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 68 പേർ രാജ്യത്ത് അസുഖം ബാധിച്ച് മരിച്ചു. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 26 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
അതേസമയം രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന സൂചനയാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്തിയാകും ലോക്ക് ഡൗൺ നീട്ടുന്ന കാര്യം പരിശോധിക്കുക. കൂടാതെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളെ ഹോട്ട് സ്പോട്ടാക്കി നിയന്ത്രണങ്ങൾ കർക്കശമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
ലോക്ക്ഡൌൺ അവസാനിച്ച് ദിവസങ്ങൾക്കുള്ളിൽ മാത്രമേ മുംബൈ, ബെംഗളൂരു, ഡൽഹി തുടങ്ങിയ വലിയ മെട്രോകളിലെ പൊതുഗതാഗതം പുനഃസ്ഥാപിക്കാനാകൂ ഇക്കാര്യങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞു.