ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ദുബായിലേക്കും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുന്നു. നേരത്തെ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശപ്രകാരം 15 ദിവസത്തേക്ക് താൽക്കാലികമായി എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയിരുന്നു.
കോവിഡ് സ്ഥിരീകരിച്ച യാത്രക്കാരെ ഡൽഹി, ജയപുർ എന്നിവിടങ്ങളിൽനിന്ന് യാത്ര ചെയ്യാൻ അനുവദിച്ചതിനെ തുടർന്നാണ് എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയത്. 15 ദിവസത്തേക്കായിരുന്നു വിലക്ക്. വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് തിരിച്ചുവിട്ടിരുന്നു.
സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ മൂന്നുവരെയാണ് വിലക്കിയതെന്ന് ഗൾഫ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വിലക്ക് നീങ്ങുംവരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറ്റി അറിയിച്ചിരുന്നത്.
കോവിഡ് പോസിറ്റീവ് ആയ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് വിലക്കെര്‍പ്പെടുത്തിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വിമാനങ്ങളിൽ യാത്ര ചെയ്ത കോവിഡ് സ്ഥിരീകരിച്ച യാത്രക്കാർക്കൊപ്പമുണ്ടായിരുന്നവരെ ദുബായ് വിമാനത്താവളത്തിൽ ക്വറന്റീനിലാക്കിയിട്ടുണ്ട്.
കോവിഡ് കാലത്ത് യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനാണ് വന്ദേഭാരത് ദൗത്യം ആരംഭിച്ചത്. ഇതിനൊപ്പം തന്നെ യുഎഇയിലേക്ക് മടങ്ങാൻ യോഗ്യരായവരെ എത്തിക്കാനും സർവീസ് ഉപയോഗിക്കുന്നു. വെള്ളിയാഴ്ച ക്രമീകരിച്ചിരിക്കുന്ന സർവീസുകളെല്ലാം ക്യാൻസൽ ചെയ്തുവെന്ന സ്റ്റാറ്റസാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കാണിക്കുന്നത്. വെള്ളിയാഴ്ചയുള്ള ചില സർവീസുകൾ ഷാർജയിലേക്ക് മാറ്റിയതായി യാത്രക്കാർക്ക് സന്ദേശങ്ങളും ഫോണിൽ ലഭിച്ചു.