തിരുവനന്തപുരം: ഭക്ഷ്യകിറ്റ് വിതരണത്തിന് യു.എ.ഇ കോൺസുലേറ്റിലേക്ക് മന്ത്രി കെ.ടി. ജലീൽ നേരിട്ട് വിളിച്ചത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോകോളിന്റെ ലംഘനമെന്ന വിമർശനമുയർന്നു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ചതെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വപ്നയുമായി സംസാരിച്ചതിന്റെ ഫോൺ രേഖ പുറത്തു വന്നതിനു പിന്നാലെയായിരുന്നു മന്ത്രി ജലീലിന്റെ പ്രതികരണം.
മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മറ്റ് രാജ്യങ്ങളുടെ എംബസികൾ, കോൺസുലേറ്റുകൾ, അവിടത്തെ ജീവനക്കാർ എന്നിവരുമായി എങ്ങനെ ഇടപെടണമെന്ന് പ്രോട്ടോകോൾ ഹാൻഡ്ബുക്കിലുണ്ട്. താൽക്കാലിക വിഷയങ്ങൾക്കപ്പുറം സംസ്ഥാന സർക്കാർ അധികൃതരുമായി വിദേശരാജ്യ കാര്യാലയങ്ങൾ ബന്ധം സ്ഥാപിക്കരുതെന്നാണ് ഹാൻഡ്ബുക്കിന്റെ 18ാം അദ്ധ്യായത്തിൽ പറയുന്നത്. സാമ്പത്തികസഹായങ്ങൾ ഫോറിൻ കറൻസി റഗുലേഷൻ ആക്ടിന് വിധേയമായിരിക്കണമെന്നും ഇതിന് കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്നും അടുത്ത അദ്ധ്യായത്തിൽ പറയുന്നു. സംസ്ഥാന മന്ത്രിമാർ പദവിയുടെ അന്തസ് പാലിക്കേണ്ടതിനാൽ ഇത്തരം കാര്യങ്ങൾക്ക് സർക്കാരിന്റെ പ്രോട്ടോകോൾ വിഭാഗം വഴിയാണ് വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളുമായി ബന്ധപ്പെടേണ്ടത്.
യു.എ.ഇ കോൺസുലേറ്റിന്റെ ചെലവിൽ 1000 കിറ്റുകൾ കൺസ്യൂമർഫെഡിൽ നിന്ന് സംഘടിപ്പിച്ച് രണ്ട് പഞ്ചായത്തുകളിൽ വിതരണം ചെയ്തെന്നും അതിനാണ് കോൺസുലേറ്റ് ജനറലിന്റെ നിർദ്ദേശപ്രകാരം സ്വപ്ന സുരേഷിനെ താൻ വിളിച്ചതെന്നുമാണ് മന്ത്രി ജലീൽ വ്യക്തമാക്കിയത്.