സബ് കോംപാക്ട് എസ്യുവിയായ വെന്യുവിനെ പൂര്‍ണമായും ബിഎസ് VI -ലേക്ക് നവീകരിച്ച് ഹ്യുണ്ടായി. 2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വരാനിരിക്കെയാണ് നവീകരണം.
അടുത്തിടെ ഡീസല്‍ പതിപ്പിനെ ബിഎസ് VI -ലേക്ക് നവീകരിച്ച് കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പെട്രോള്‍ പതിപ്പുകളെയും നവീകരിച്ച് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 8.9 ലക്ഷം രൂപയാണ് പുതിയ ഡീസല്‍ പതിപ്പിന്റെ എക്സ്ഷോറും വില.
നവീകരിച്ച് പെട്രോള്‍ പതിപ്പിന്റെ തുടക്ക പതിപ്പിന് 6.70 ലക്ഷം രൂപയാണ് എക്സ്ഷോറും വില. ഏറ്റവും ഉയര്‍ന്ന പെട്രോള്‍ പതിപ്പിന് 11.40 ലക്ഷം രൂപയാണ് വില. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 15,000 രൂപ മുതല്‍ 20,000 രൂപയുടെ വര്‍ധനവാണ് പെട്രോള്‍ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്.
എന്നാല്‍ ഡീസല്‍ പതിപ്പില്‍ 17,000 രൂപ മുതല്‍ 51,000 രൂപ വരെയാണ് വര്‍ധവ് ഉണ്ടായിരിക്കുന്നത്. ഡീസല്‍ പതിപ്പിലാണ് പ്രധാന മാറ്റം സംഭവിച്ചിരിക്കുന്നത്. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരം പുതിയ എഞ്ചിനാണ് വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്നത്.
കിയ സെല്‍റ്റോസില്‍ നിന്നാണ് ഈ എഞ്ചിന് എടുത്തിരിക്കുന്നത്. ഈ എഞ്ചിന് 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. എന്നാല്‍ വെന്യുവിലേക്ക് എഞ്ചിന് നല്കുമ്പോള് കരുത്തും ടോര്‍ഖും കുറഞ്ഞേക്കും. വെന്യുവില്‍ എത്തുമ്പോള്‍ ഈ എഞ്ചിന് 100 bhp കരുത്തും 230 Nm torque ഉം സൃഷ്ടിക്കും.
ആറ് സ്പീഡ് മാനുവല്‍ തന്നെയാണ് ഗിയര്‍ബോക്സ്. അതേസമയം പെട്രോള്‍ എഞ്ചിന് നവീകരിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 83 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും.
അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് 120 bhp കരുത്തും 171 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്സ്. ഈ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല.
പോയ വര്‍ഷമാണ് വെന്യുവിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തിയ തുടക്ക നാളുകളില്‍ മികച്ച മുന്നേറ്റമാണ് വില്‍പ്പനയില്‍ വാഹനം കാഴ്ചവെച്ചത്. നിരവധി പുതുമകളോടെയാണ് വാഹനം വിണിയില്‍ എത്തിയത്.
കണക്ടിവിറ്റി സംവിധാനമാണ് വാഹനത്തിലെ പ്രധാന ആകര്‍ഷണം. 50 ശതമാനത്തോളം ഉപഭോക്താക്കളും കമ്പനിയുടെ പുതിയ ടെക്നോളിയായ ബ്ലുലിങ്ക് കണക്ടിവിറ്റി സംവിധാനമുള്ള ഉയര്‍ന്ന വകഭേദങ്ങളാണ് തെരഞ്ഞെടുക്കുന്നത്. 13 വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.
ടാറ്റ നെക്സോണ്‍, മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്പോര്‍ട്, മഹീന്ദ്ര XUV300 എന്നിവരാണ് വിപണിയില്‍ വെന്യുവിന്റെ എതിരാളികള്‍. ക്രെറ്റയുമായി സാമ്യമുള്ള ബോക്സി ഡിസൈനാണ് വെന്യുവിനുള്ളത്.
ക്രോമിയം ആവരണമുള്ള കാസ്ക്കേഡ് ഗ്രില്‍, പ്രൊജക്ട് ഹെഡ്ലാമ്പുകള്‍, ഡിആര്‍എല്‍ എന്നിവയാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്. ബ്ലാക്ക് ഫിനിഷിങ് വീല്‍ ആര്‍ച്ച്, ക്ലാഡിങ്ങ്, പുതുതായി ഡിസൈന്‍ ചെയ്ത അലോയി വീല്‍, റൂഫ് റെയില്‍ എന്നിവ വശങ്ങളേയും മനോഹരമാക്കും.
എല്‍ഇഡി ടെയില്‍ലാമ്പ്, ചതുരാകൃതിയിലുള്ള ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ക്രെറ്റയിലേതിന് സമാനമായ ടെയില്‍ഗേറ്റ് എന്നിവ പിന്‍വശത്തെയും ആകര്‍ഷകമാക്കുന്നുണ്ട്. ഹ്യുണ്ടായിയുടെ മറ്റ് മോഡലുകളുമായി സാമ്യമുള്ള അകത്തളമാണ് വെന്യുവിലുമുള്ളത്.
ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയും അകത്തളത്തെ മനോഹരമാക്കും. ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്ട്രോള്, റിയര്‍ എസി വെന്റ്, കോര്‍ണറിങ് ലാമ്പ്, കൂളിങ് ഗ്ലൗ ബോക്സ് എന്നിവയും വെന്യുവിലുണ്ട്.