അക്രമകാരികളെ നേരിടാൻ ട്രെയ്നി എസ്ഐമാർക്ക് പ്രത്യേക പരിശീലനം നൽകും. കൊല്ലത്ത് വയോധികനെ പൊലീസ് മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അമിത ബലപ്രയോഗമില്ലാതെ അക്രമകാരികളെ നേരിടാനാണ് അടിയന്തര പരിശീലനം നൽകുന്നത്. തിങ്കളാഴ്ച ട്രെയ്നി എസ്ഐമാർ ഓൺലൈൻ പരിശീലന ക്ലാസിൽ പങ്കെടുക്കാൻ നിർദേശം നൽകി.
കഴിഞ്ഞ ദിവസമാണ് കൊല്ലം ജില്ലയിലെ ചടയമംഗലം മഞ്ഞപ്പാറയിൽ പൊലീസ് വയോധികന്റെ മുഖത്തടിച്ച സംഭവത്തിൽ പ്രൊബേഷൻ എസ്ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നത്. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും വൃദ്ധനെ വഴിയിൽ ഉപേക്ഷിച്ചത് തെറ്റാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. റിപ്പോർട്ട് കൊല്ലം റൂറൽ എസ്പി ഹരിശങ്കർ പൊലീസ് അക്കാദമി ഡയറക്ടർക്ക് കൈമാറി.
ഹെൽമെറ്റ് ധരിക്കാതെ ബൈക്കിന് പിന്നിൽ യാത്ര ചെയ്തതിനാണ് മഞ്ഞപ്പാറ സ്വദേശി രാമാനന്ദൻ നായരെ പ്രൊബേഷൻ എസ് ഐ ഷജീം മർദിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കൊല്ലം റൂറൽ എസ് പി ഹരിശങ്കർ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്.പി ബി വിനോദ് കുമാറിനെ ചുമതലപ്പെടുത്തി. പ്രൊബേഷൻ എസ്ഐ ഷജീമിന്റെ നടപടി ഗുരുതര വീഴ്ചയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
രാമാനന്ദൻ നായരുടെ കരണത്ത് അടിച്ചത് അനുചിത നടപടിയാണ്. അറസ്റ്റിന് ശ്രമിക്കുമ്പോൾ ബലം പ്രയോഗിക്കുന്നവരെ കരണത്ത് അടിക്കുന്നത് പൊലീസിന്റെ രീതിയല്ല. കൂടുതൽ പൊലീസുകാരെ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ് ചെയ്യേണ്ടിയിരുന്നത്. മുഖത്ത് അടികൊണ്ട രാമാനന്ദൻ നായർ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് എസ്ഐയോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ല. മർദനമേറ്റയാളെ വഴിയിൽ ഉപേക്ഷിച്ചത് തെറ്റാണെന്നും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് റൂറൽ എസ്.പിക്ക് കൈമാറി. റൂറൽ എസ്പിയുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ വിശദ റിപ്പോർട്ട് പൊലീസ് അക്കാദമി ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.