യുഎഇ സ്വര്‍ണക്കടത്ത് കേസ് സിബിഐ ഏറ്റെടുത്തേക്കുമെന്ന് സൂചന. സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി മടങ്ങി. കേസില്‍ കസ്റ്റഡിയിലെടുത്ത സ്വപ്ന സുരേഷിന്റെ സുഹൃത്ത് സൌമ്യയെ കൊച്ചിയിലെത്തിച്ച് കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ ഉള്‍പ്പെട്ടുവെന്ന് തെളിഞ്ഞാല്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുളള സൌമ്യയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കിയേക്കും.
തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത സൌമ്യയെ എറണാകുളത്തെ കസ്റ്റംസ് ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയാണ് സൌമ്യ. സന്ദീപിന്റെയും സൌമ്യയുടെയും ബിസിനസ്സ് പങ്കാളി കൂടിയാണ് സ്വപ്ന സുരേഷ് എന്നാണ് നിഗമനം. ഇവരുടെ സ്വത്ത് വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്. സന്ദീപിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സൌമ്യയെ ചോദ്യം ചെയ്യുന്നതോടെ സ്വപ്നയുമായുള്ള സാമ്പത്തിക ഇടപാടിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്ക് കൂട്ടല്‍.
കേസില്‍ സിബിഐ അന്വേഷണത്തിന്റെ സാധ്യത ആരായുന്നതിന്റെ ഭാഗമായിട്ടാണ് സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രവന്റീവ് ഓഫിസില്‍ എത്തിയത്. രണ്ട് മണിക്കൂറോളം സംഘം അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്വര്‍ണക്കടത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശ സഹമന്ത്രി വി. മുരളീധരനും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. കസ്റ്റംസ് അന്വേഷണത്തിന്റെ ഗതി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും മറ്റ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പ്രഖ്യാപിക്കുക.