യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളില്‍ നിലവിലുള്ള ഏറ്റവും മികച്ച പ്രതിരോധ റെക്കോര്‍ഡുമായി റയല്‍ മഡ്രിഡ്. ലീഗ് പാതിയിലേറെ പിന്നിട്ടപ്പോള്‍ വെറും 13 ഗോള്‍ മാത്രമാണ് റയല്‍ വഴങ്ങിയിട്ടുള്ളത്. യൂറോപ്പിലെ എല്ലാ പ്രധാന ലീഗുകള്‍ കൂട്ടിനോക്കിയാല്‍ തന്ന ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീമാണ് ഇക്കുറി റയല്‍ മഡ്രിഡ്.
കഴിഞ്ഞ സീസണില്‍ ആകെ 46 ലീഗ് ഗോള്‍ വഴങ്ങി റയല്‍ രൂക്ഷവിമര്ശനമേറ്റിരുന്നു. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് നയിക്കുന്ന പ്രതിരോധനിരയേക്കാളേറെ ഗോളി തിബോ കോര്ട്ട്വയായിരുന്നു ഇക്കാര്യത്തില്‍ പരിഹാസത്തിന് ഇരയായിരുന്നത്. എന്നാല്‍ ഈ വിമര്‍ശകരുടെ വായടപ്പിച്ചാണ് ഇക്കുറി കോര്‍ട്ട്വ റയല്‍ മഡ്രിഡ് കോട്ട കാത്തത്.
ലീഗില്‍ 18 ലാ ലിഗ മത്സരങ്ങളിലാണ് കോര്‍ട്ട്വ റയല്‍ ഗോള്‍വല കാത്തത്. ഇതില്‍ പത്തിലും ഒരു ഗോള്‍പോലും വഴങ്ങാതെ ക്ലീന്‍ഷീറ്റ് സ്വന്തമാക്കി ഈ ബെല്‍ജിയന്‍ ഗോളി. പല മത്സരങ്ങളിലും നിര്‍ണായകനേരത്ത് കിടിലന്‍ സേവുകളുമായി കോര്‍ട്ട്വ കളം നിറയാറുമുണ്ട്.
ക്യാപ്റ്റന്‍ റാമോസിനൊപ്പം റാഫേല്‍ വരാന്‍, ഡാനി കാര്‍വഹാള്‍, ഫെര്‍ലാന്‍ഡ് മെന്‍ഡി എന്നിവരാണ് മിക്കവാറും ആദ്യ ഇലവനില്‍ റയല്‍ പ്രതിരോധം കാക്കുക. സിനദിന്‍ സിദാന്റെ കീഴില്‍ തുടര്‍ച്ചയായി മൂന്ന് ചാമ്ബ്യന്‍സ് ലീഗ് കിരീടം റയല്‍ നേടിയപ്പോഴുള്ള സ്ഥിരം പ്രതിരോധനിരയില്‍ നിന്ന് ഒരു മാറ്റമെ ഇക്കാര്യത്തിലുള്ളു. നേരത്തെ ലെഫ്റ്റ് ബാക്കായിരുന്ന മാഴ്സെലോയ്ക്ക് ഇപ്പോള്‍ സ്ഥിരം അവസരം ലഭിക്കാറില്ല. ഫ്രഞ്ച് താരം മെന്‍ഡി മാഴ്സലോയുടെ സ്ഥാനത്ത് ഫസ്റ്റ് ചോയിസായി മാറി. ഇവര്‍ക്കൊപ്പം എഡര്‍ മിലിറ്റാവോ, നാച്ചോ എന്നിവരും റയല്‍ പ്രതിരോധത്തിന് കരുത്തുകൂട്ടുന്നു.
ലാ ലിഗയില്‍ ഇക്കുറി വെറും ഒരു മത്സരം മാത്രമാണ് റയല്‍ ഇതുവരെ തോറ്റത്. 21 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 13 വിജയത്തോടെ 46 പോയിന്റുമായി റയലാണിപ്പോള് ലീഗില്‍ ഒന്നാമത്. മൂന്ന് പോയിന്റ് പിന്നിലായി ബാഴ്സ രണ്ടാമതുണ്ട്.