ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്നത്. 192 സാധുവായ വോട്ടുകളിൽ 184 എണ്ണമാണ് ഇന്ത്യ നേടിയത്. രണ്ടുവർഷത്തേക്കാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. ടി.എസ് തിരുമൂർത്തിയാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഇന്ത്യയുടെ പ്രതിനിധി.
ഏഷ്യ-പസിഫിക് വിഭാഗത്തിലാണ് ഇന്ത്യ യുഎൻ രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2011-12 കാലഘട്ടത്തിനുശേഷം ഇതാദ്യമായാണ് ഇന്ത്യയ്ക്ക് സുപ്രധാന അംഗത്വം ലഭിക്കുന്നത്. അതിർത്തി പ്രശ്നങ്ങളിൽ ഉൾപ്പടെ ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയിൽ നല്ല രീതിയിൽ സമ്മർദ്ദം ചെലുത്താൻ രക്ഷാസമിതി അംഗത്വം സഹായിക്കും. ഇന്ത്യയെ കൂടാതെ അയർലൻഡ്, മെക്സിക്കോ, നോർവെ, കെനിയ എന്നീ രാജ്യങ്ങളും അംഗത്വം നേടി.
ഇന്ത്യയ്ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മെക്സിക്കോയ്ക്ക് 187 വോട്ടുകൾ ലഭിച്ചു. നോർവെയ്ക്ക് 130 വോട്ടും അയർലൻഡിന് 127 വോട്ടും ലഭിച്ചു. 125 വോട്ടുകളാണ് ജയിക്കാൻ വേണ്ടത്. കോവിഡ് വ്യാപനത്തെ തുടർന്ന് കനത്ത മാർഗനിർദേശങ്ങളോടെയാണ് വോട്ടെടുപ്പ് നടന്നത്. ഒരേസമയം 20 രാജ്യങ്ങളുടെ പ്രതിനിധികളെ മാത്രമാണ് പോളിങ് കേന്ദ്രത്തിൽ അനുവദിച്ചത്.
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ ആകെ 15 അംഗങ്ങളാണുള്ളത്. ഇതിൽ അഞ്ച് രാജ്യങ്ങൾ സ്ഥിരാംഗങ്ങളാണ്. അമേരിക്ക, ചൈന, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്കാണ് സ്ഥിരാംഗത്വമുള്ളത്. ശേഷിക്കുന്ന പത്ത് അംഗങ്ങൾക്ക് സ്ഥിരാംഗത്വമില്ല.