Site icon Ente Koratty

അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ കോവിഡ് ഭേദമായി

ബ്രസീലില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ കോവിഡ് 19 രോഗം ഭേദമായി. ഒരു മാസത്തോളം വെന്റിലേറ്ററില്‍ ബോധമില്ലാതെ കിടന്ന ശേഷമാണ് ഈ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയതെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ആഴ്ച്ചകള്‍ മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞു ‘ഡോമി’ന് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധു വീട്ടിലേക്കുള്ള സന്ദര്‍ശനമാണ് കുഞ്ഞില്‍ രോഗം വരുത്തിയതെന്നാണ് കരുതുന്നത്. റിയോ ഡി ജനീറോയിലെ പ്രോ കാര്‍ഡിയാകോ ആശുപത്രിയില്‍ തുടര്‍ന്ന് 54 ദിവസമാണ് ഡോം ചികിത്സയില്‍ കഴിഞ്ഞത്. ഇതില്‍ ഒരു മാസത്തോളം വെന്റിലേറ്ററില്‍ അബോധാവസ്ഥയിലുമായിരുന്നു.

കുഞ്ഞിന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ഡോക്ടറെ കാണിച്ചതെന്ന് പിതാവ് സി.എന്‍.എന്നോട് പറഞ്ഞു. സാധാരണ മരുന്നുകള്‍ ഫലിക്കാതാവുകയും കുട്ടിയുടെ നില വഷളാവുകയും ചെയ്തു. ഇതോടെ മറ്റൊരു ആശുപത്രിയിലേക്ക് ഡോമിനെ മാറ്റുകയും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ കോവിഡ് വലിയ തോതില്‍ പടര്‍ന്നുപിടിക്കുന്നുണ്ട്. ഇതുവരെ ഒരു വയസില്‍ താഴെയുള്ള 25 കുട്ടികളെങ്കിലും ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. 5.14 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ബ്രസീലില്‍ 29,300ലേറെ മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

Exit mobile version