ദുബായ്: വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴകളും ഒഴിവാക്കാന്‍ യുഎഇ തീരുമാനിച്ചു. പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ ആണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. രാജ്യത്തെ താമസവിസക്കാര്‍ക്കും, സന്ദര്‍ശക വിസക്കാര്‍കും ഈ ആനൂകൂല്യം ലഭിക്കും.
ഇതോടെ മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീര്‍ന്നവര്‍ക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിക്കും. വിസാ കാലാവധി തീര്‍ന്ന് അനധികൃതമായി യു.എ.ഇയില്‍ തുടരുന്നവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ മെയ് 18 മുതല്‍ മൂന്ന് മാസത്തെ സമയം അനുവദിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാകുന്ന ഉത്തരാവാണിത്. താമസ കുടിയേറ്റവുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴകളും ഒഴിവാക്കുന്നതിനാല്‍ ഫലത്തില്‍ പൊതുമാപ്പിന്റെ പ്രയോജനമാണ് പ്രവാസികള്‍ക്ക് ലഭിക്കുക. പിഴയുള്ളതിനാല്‍ പ്രത്യേക വിമാനങ്ങളില്‍ പോലും നാട്ടിലെത്താന്‍ ബുദ്ധിമുട്ടിയിരുന്നവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ പുതിയ ഉത്തരവ് കാരണമാകും.