ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വലിയ രീതിയില്‍ പല അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍, അഭ്യൂഹങ്ങള്‍ക്കൊടുവില്‍ അദ്ദേഹം തിരിച്ചെത്തിയതായും ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തതായും കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്. ഇപ്പോള്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ സന്തോഷമറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ‘കിം ആരോഗ്യത്തോടെ തിരിച്ചുവന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്’ എന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. കിമ്മിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ സന്തോഷ പ്രകടനം.
ഹൃദയശശസ്ത്രക്രിയയെ തുടര്‍ന്ന് കിം ജോങ് ഉന്‍ മരിച്ചെന്നും ഗുരുതരാവസ്ഥയിലാണെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ദക്ഷിണ കൊറിയയും അമേരിക്കയും ഇത് നിഷേധിച്ചിരുന്നു. അഭ്യൂഹങ്ങള്‍ പടരുന്നതിനിടെ, കഴിഞ്ഞ ദിവസം കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.
മെയ്ദിനത്തില്‍ പ്യോങ്യാങ്ങില്‍നിന്ന് 50 കിലോമീറ്ററകലെ സുന്ജനില് ഫോസ്ഫാറ്റിക് ഫെര്‍ട്ടിലൈസര്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏപ്രില്‍ 11ന് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ കൊറോണ പ്രതിരോധ യോഗത്തില്‍ പങ്കെടുത്ത ശേഷം പൊതുവേദിയില്‍നിന്ന് അപ്രത്യക്ഷനായ കിം തിരിച്ചെത്തിയപ്പോള്‍ അഭ്യൂഹങ്ങളിലേത് പോലെ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും കാണാനില്ല.