Site icon Ente Koratty

നാട്ടിലേക്ക് മടങ്ങാൻ നോര്‍ക്കയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; കൂടുതൽ യുഎഇയില്‍ നിന്ന്

കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയിൽ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രജിസ്ട്രേഷൻ തുടങ്ങി 5 മണിക്കൂറിനു ശേഷമുള്ള കണക്കാണിത്. സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷകൾക്കും അപ്പുറമാണ് ഈ കണക്ക്.

ഞായറാഴ്ച വൈകിട്ട് ആറര മുതലാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കും പ്രവാസികള്‍ക്കും നാട്ടിലേക്ക് മടങ്ങുന്നതിനായി ഓണ്‍ലൈനായി പേര് റജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം നല്‍കിയത്. റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ചു മണിക്കൂര്‍ കൊണ്ട് 1,00,755 ആയി. യുഎഇയില്‍ നിന്നാണ്, ഏറ്റവുമധികം പേര്‍, 45,430. ഖത്തറില്‍ നിന്ന് 11,668 പേരും സൗദിയില്‍ നിന്ന് 11,365 പേരും കുവൈറ്റില്‍ നിന്ന് 6,350 പേരും ഒമാനില്‍ നിന്ന് 4,375 പേരും ബഹ്‌റൈനില്‍ നിന്ന് 2,092 പേരുമാണ് രജിസ്റ്റർ ചെയ്തത്.

അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ 324 പേരാണ് രജിസ്റ്റര്‍ ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം യുകെയില്‍ നിന്നാണ്, 621 പേര്‍. മലേഷ്യ, സിംഗപ്പൂര്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നൂറിലേറെ പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നാട്ടിൽ മടങ്ങി എത്തുന്നവരെ പാർപ്പിക്കുന്നതിനായി നിലവിൽ സജ്ജമാക്കിയിരിക്കുന്ന ക്വാറന്റീനില്‍ കേന്ദ്രങ്ങൾ മതിയാകില്ലെന്നാണ് ഇപ്പോഴത്തെ കണക്ക് നൽകുന്ന സൂചന.

Exit mobile version