സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് പ്രതികരണവുമായി ദക്ഷിണ കൊറിയ. കിം ജോംഗ് ഉന്‍ ജീവനോടെയുണ്ടെന്നും സുഖമായിരിക്കുന്നുവെന്നുമാണ് സിഎൻഎന്നിനോട് സംസാരിക്കവെ ദക്ഷിണ കൊറിയയുടെ ഉന്നത സുരക്ഷാ ഉപദേഷ്ടാവായ മൂൺ ചംഗ് ഇൻ അറിയിച്ചത്.
ഞങ്ങളുടെ സർക്കാരിന്റെ നിലപാട് ഉറച്ചതാണെന്നും മൂണ്‍ ചംഗ് വ്യക്തമാക്കി. ഏപ്രിൽ 13 മുതൽ റിസോർട്ട് ടൗണായ വോൺസണില് കഴിയുകയാണ് കിം ജോംഗ് ഉന്‍. സംശയിക്കത്തക്കതായ കാര്യങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും കിമ്മിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളിക്കൊണ്ട് ഇയാൾ വ്യക്തമാക്കി.
വോൺസണിലുള്ള ലീഡർഷിപ്പ് സ്റ്റേഷനിൽ (കിം കുടുംബത്തിന് മാത്രമായുള്ള റെയിൽവെ സ്റ്റേഷന്) ഉന്നിന്റെ ട്രെയിൻ കണ്ടെത്തിയ വിവരം സാറ്റലൈറ്റ് ഇമേജുകളെ അടിസ്ഥാനപ്പെടുത്തി ഒരു പ്രമുഖ വാർത്താ മാധ്യമം പുറത്തു വിട്ടിരുന്നു. ഇത് ശരി വയ്ക്കുന്ന തരത്തിലുള്ള പ്രതികരണമാണ് മൂൺ ചാംഗും നടത്തിയിരിക്കുന്നത്.
പൊതുവേദികളിൽ കാണാതായതിനെ തുടർന്ന് കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. മരിച്ചുവെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഈ അവസരത്തിലാണ് ദക്ഷിണ കൊറിയൻ പ്രതിനിധിയുടെ പ്രതികരണം.