Site icon Ente Koratty

കോഴിക്കോട് സ്വദേശിയായ മെഡിക്കൽ വിദ്യാർഥി യുകെയിൽ മരിച്ചു; ഇതുവരെ വിദേശത്ത് മരിച്ചത് 45 മലയാളികൾ

യുകെയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചെമ്പനോട സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. യു കെയില്‍ മെഡിക്കല്‍ വിദ്യാർഥിയായിരുന്നു. ചെമ്പനോടയിലെ കുന്നക്കാട് വീട്ടിലേക്ക് രാവിലെ ഫോണ്‍ സന്ദേശമെത്തിയപ്പോഴാണ് സിദ്ധാര്‍ത്ഥ് മരിച്ച വിവരം ബന്ധുക്കള്‍ അറിയുന്നത്. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനാണ് സിദ്ധാർത്ഥ്.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നേരത്തെ സേവനം അനുഷ്ടിച്ചിട്ടുള്ള ഡോക്ടര്‍ പ്രകാശ് നിലവില്‍ ഖത്തറിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. ഖത്തര്‍ രാജാവിന്റെ ചികിത്സാ സംഘത്തിലെ അംഗമാണ് ഡോക്ടര്‍ പ്രകാശും ഭാര്യയും.

ഇതോടെ കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 45 ആയി. കൊറോണ ബാധിച്ച് ഏറ്റവും അധികം മലയാളികൾ മരിച്ചത് അമേരിക്കയിലാണ്. ഗൾഫ് നാടുകളിലാകെ ഇതുവരെ മരിച്ചത് 16 മലയാളികളാണ്. 18,100 പേരാണ് യുകെയിൽ കോവിഡ് ബാധിച്ച് മരിച്ചത്. 1,33,495 പേർക്കാണ് ഇവിടെ രോഗം സ്ഥിരകരിച്ചത്.

Exit mobile version