കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമാണെന്നും മസ്തിഷ്ക മരണം സംഭവിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ഉത്തരകൊറിയയും ദക്ഷിണ കൊറിയയും. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിൽ 12 ന് കിമ്മിനെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിനു ശേഷം കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചു എന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നുമൊക്കെയാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 15 ന് സ്വന്തം മുത്തച്ഛനും രാഷ്ട്ര സ്ഥാപകനുമായ കിം ഇല് സുങ്ങിന്റെ പിറന്നാളിനോട് അനുബന്ധിച്ചുള്ള ദേശീയ ആഘോഷത്തില്‍ കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത്.
യു.എസ് രഹസ്യാന്വേഷണ കേന്ദ്രങ്ങൾ ഇതിന്റെ യാഥാര്‍ഥ്യം പരിശോധിച്ചുവരികയാണെന്ന് ഒരു ഉന്നത യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എന്‍.എന്നും റിപോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് ഉത്തരകൊറിയയും ദക്ഷിണകൊറിയയും രംഗത്തുവന്നത്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പാണ് വാര്‍ത്തകള്‍ നിഷേധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. ഉത്തരകൊറിയയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് യോന്‍ഹാപ്പ് വാര്‍ത്ത. സീയൂളിലെ പ്രസിഡന്റിന്റെ ഓഫീസും ഇത്തരത്തിലൊരു സൂചനയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
പിതാവിന്റെ മരണത്തെത്തുടർന്ന് 2011 ഡിസംബറിലാണ് കിം ഉത്തര കൊറിയയുടെ ഭരണമേറ്റെടുക്കുന്നത്. കിം ജോങിന് അത്യാഹിതം സംഭവിച്ചാല്‍ ആരാകും അടുത്ത ഭരണാധികാരി എന്നതിനെ കുറിച്ചും പാശ്ചാത്യ മാധ്യമങ്ങള്‍ ചര്‍ച്ചയാരംഭിച്ചിട്ടുണ്ട്. കിമ്മിന്റെ സഹോദരി കിം യോ ജോങിനാണ് കൂടുതല്‍ സാധ്യത എന്നാണ് വാര്‍ത്തകള്‍.