Site icon Ente Koratty

കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം ആയിരം കടന്നു. ഒരു മരണം കൂടി

ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ കുവൈത്തിലെ കോവിഡ് മരണസംഖ്യ ഏഴായി . 60 വയസ്സുള്ള ഇന്ത്യൻ പ്രവാസിയാണ് മരിച്ചത്. പത്തു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം.  കുവൈത്തിൽ കോവിഡ്  മൂലം മരിക്കുന്ന രണ്ടാമത്തെ ഇന്ത്യകാരൻ ആണിത്.

164 പേർക്ക് കൂടി പുതുതായി കോവിഡ്19 സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 1915 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 97 പേർ ഇന്ത്യക്കാരാണ്.  ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1085 ആയി. പുതിയ രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 158 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ ആറുപേർക്ക് പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല.

ചികിത്സയിലുണ്ടായിരുന്നവരിൽ 25  പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തു കോവിഡ് ഭേദമായവരുടെ എണ്ണം 305 ആയി. നിലവിൽ 1603 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 38  പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാർത്താസമ്മേളനത്തിൽ അറിയിച്ചു .

Exit mobile version