കൊവിഡ് മരണക്കണക്കിൽ തിരുത്തലുമായി ചൈന. തിരുത്തിയതിന് ശേഷം ചൈനയിലെ കൊവിഡ് പ്രഭവ കേന്ദ്രമായ വുഹാനിലെ കൊവിഡ് മരണസംഖ്യയിൽ 50 ശതമാനം വർധനയുണ്ടായി. ചൈനയുടെ കൊവിഡ് മരണക്കണക്ക് കൃത്യമല്ലെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.
വുഹാനിലെ മരിച്ചവരുടെ എണ്ണം 2579ൽ നിന്ന് 3869 ആയാണ് ചൈന തിരുത്തിയിരിക്കുന്നത്. നേരത്തെ 3346 ആയിരുന്ന ചൈനയിലെ കൊവിഡ് മരണ സംഖ്യ ഇതിനാൽ 4636 തീർന്നിരിക്കുകയാണ്. ഇതിൽ തന്നെ 4512 പേർ മരിച്ചിരിക്കുന്നത് ഹ്യൂബി പ്രവിശ്യയിലും. 77000 പേർ രോഗമുക്തി നേടിയ ചൈനയിൽ ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നവരുടെ എണ്ണം 83428 ആണ്.
കഴിഞ്ഞ ദിവസവും ഡൊണാൾഡ് ട്രംപ് ചൈനയുടെമേൽ ഇക്കാര്യത്തിൽ ആരോപണമുന്നയിച്ചിരുന്നു. ചൈനയ്ക്ക് പുറമെ റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളുടെ കാര്യത്തിലും ട്രംപ് ഈ വാദം ഉന്നയിക്കുന്നുണ്ട്. ചൈനയിലെ കൊവിഡ് മരണസംഖ്യ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോയെന്നും അവർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയില്ലെന്നുമാണ് ട്രംപ് പറയുന്നത്. ചൈനയിൽ നിരവധി പേർ മരിച്ചിട്ടുണ്ട്. പക്ഷേ അമേരിക്കയിൽ ഒരോ മരണവും രേഖപ്പെടുത്തുന്നുണ്ട്. അമേരിക്കയുടെ രീതി മികച്ചതാണ്. അമേരിക്കയിൽ മരിക്കുന്ന എല്ലാവരുടെ വിവരം റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചില രാജ്യങ്ങളിൽ വലിയ പ്രശ്നങ്ങളാണുള്ളത്. എന്നാൽ യഥാർത്ഥ കാര്യങ്ങൾ കൃത്യമായി അവർ പുറത്ത് വിടുന്നില്ല.