ഹൈഡ്രോക്സിക്ലോറോക്വീന് എന്ന മലേറിയക്കെതിരായ മരുന്ന് കോവിഡ് ചികിത്സക്ക് ഉപയോഗിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതോടെ ലോകമെമ്പാടും ഈ മരുന്നിനായി നെട്ടോട്ടമോടുകയാണ്. മരുന്ന് കയറ്റുമതി ചെയ്തില്ലെങ്കിൽ തിരിച്ചടിക്കുമെന്ന രീതിയിലുള്ള പ്രസിഡന്റ് ട്രംപിന്റെ പരാമർശം കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞുനിന്നു. ഇപ്പോൾ ബ്രസീലും ഇന്ത്യയോട് ഈ മരുന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. രാമായണത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൽസൊനാരോ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരിക്കുന്നത്.
“ശ്രീരാമന്റെ അനുജൻ ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ ഹിമാലയത്തിൽ നിന്ന് സഞ്ജീവനി മരുന്ന് കൊണ്ട് വന്നത് പോലെ, രോഗികൾക്ക് യേശു ക്രിസ്തു കാഴ്ച ശക്തി പുനഃസ്ഥാപിച്ചത് പോലെ, ഇന്ത്യയും ബ്രസീലും ഒരുമിച്ച് ഈ ആഗോള പ്രതിസന്ധി മറികടക്കും. ദയവായി എന്റെ ആവശ്യം പരിഗണിക്കുക”- പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൽസൊനാരോ കുറിച്ചു.
കഴിഞ്ഞ വർഷം അവസാനം ചൈനയിൽ കൊറോണ വൈറസ് ഉയർന്നുവന്നതിനെത്തുടർന്ന് ആഗോള വിതരണ ശൃംഖലയെ ബാധിച്ചതിനാൽ ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതിയിലും വേദന സംഹാരിയായ പാരസെറ്റമോൾ കയറ്റുമതിയിലും സർക്കാർ നിയന്ത്രണം കൊണ്ടുവന്നിരുന്നു. കയറ്റുമതിക്കുള്ള നിയന്ത്രണം നീക്കണമെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളും മലേറിയക്കെതിരായ മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നമ്മുടെ കഴിവിൽ വിശ്വസിക്കുന്നതും ആശ്രയിക്കുന്നതുമായ എല്ലാ അയൽ രാജ്യങ്ങൾക്കും ഈ മരുന്നുകൾ ആവശ്യമായ അളവിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ കൊറോണ വൈറസ് വലിയ നാശം വിതച്ച മറ്റു ചില രാജ്യങ്ങൾക്കും ഈ മരുന്ന് വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.