Site icon Ente Koratty

‘ലോക്ക്’ തുറന്ന് വുഹാൻ; 76 ദിവസത്തെ അടച്ചിടലിന് അവസാനം

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ 76 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ പൂര്‍ണമായും അവസാനിച്ചു. പ്രാദേശികാതിര്‍ത്തികള്‍ തുറന്നെങ്കിലും ചുരുക്കം ചില നിയന്ത്രണങ്ങള്‍ തുടരും. നഗരത്തില്‍ കൊറോണാഭീഷണി കുറഞ്ഞുവെങ്കിലും മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായി ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23 മുതലാണ് ഹ്യുബെ തലസ്ഥാനമായ വുഹാനില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 2019 ഡിസംബറിലായിരുന്നു വുഹാനില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്‌. ട്രെയിന്‍, വിമാനസര്‍വീസുകള്‍ ബുധനാഴ്ച പുനരാരംഭിക്കുന്നതോടെ വുഹാനില്‍ ഗതാഗതം സാധാരണ നിലയിലാവും. 55000 ത്തോളം യാത്രക്കാര്‍ ഇന്ന് വുഹാനില്‍ യാത്രക്കെത്താനുള്ള സാധ്യതയുണ്ടെന്ന് വുഹാന്‍ റെയില്‍വെ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍ വൈറസ്ബാധിതരുടെ എണ്ണം ഒരു ശതമാനത്തോളം താഴ്ന്നതിനെ തുടര്‍ന്ന് ഗതാഗതനിയന്ത്രണം ഉള്‍പ്പെടെയുള്ളവയില്‍ ഇളവ് വരുത്തിയിരുന്നു. അനിയന്ത്രിതമായി വ്യാപിച്ച വൈറസ് വുഹാനില്‍ 50,000 ലധികം പേര്‍ക്കാണ് ബാധിച്ചത്. 2500 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ചൈനയിലെ കൊറോണമരണങ്ങളില്‍ 77 ശതമാനവും വുഹാനിലാണ് സംഭവിച്ചത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടച്ചിട്ടു. ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരുന്നില്ല.

രണ്ട് മാസക്കാലം വുഹാന്‍ നിശ്ചലമായിരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമായിരുന്നെങ്കിലും ജനങ്ങള്‍ അതിനോട് സഹകരിച്ചു. വുഹാനിലെ ജനങ്ങളെ മാര്‍ച്ചില്‍ നടത്തിയ വുഹാന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഷി ജിന്‍പിങ് പ്രത്യേകം അഭിനന്ദിച്ചിരുന്നു.

Exit mobile version