Site icon Ente Koratty

കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച് കൊവിഡ്

ന്യൂയോര്‍ക്ക്: മാസങ്ങള്‍ പിന്നിട്ടിട്ടും കൊടുങ്കാറ്റ് പോലെ ലോകവ്യാപകമായി ആഞ്ഞടിച്ച് കൊവിഡ്. ഇതുവരെ ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ 1,272,737 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ കൊവിഡ് മരണം 1200 കടന്നു. അതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരണസംഖ്യ ഉയരുന്നു
ലോകത്ത് കൊവിഡ് മരണ സംഖ്യ ദിനംപ്രതി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. മരണസംഖ്യ എഴുപതിനായിരത്തിലേക്ക് കടക്കുന്നു. ഇതുവരെ 69451 പേരാണ് വിവിധ ലോകരാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. 262351 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഇറ്റലിയിലും സ്‌പെയിനിലും കുറവ് വന്നിട്ടുണ്ട്. എന്നാല്‍ അമേരിക്കയില്‍ കാര്യങ്ങള്‍ ഗുരുതരമായി തന്നെ തുടരുന്നു.

അമേരിക്കയിൽ ഗുരുതരം
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1344 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 9616 ആയി. കൊവിഡ് രോഗികളുടെ എണ്ണം 336673 ആയി ഉയര്‍ന്നു. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരണപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി ഉയര്‍ന്നു.

കടുവയ്ക്ക് കൊവിഡ്
അതിനിടെ ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 4 വയസ്സ് പ്രായമുളള പെണ്‍കടുവയ്ക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ബ്രോങ്‌സ് മൃഗശാലയിലെ ജീവനക്കാരില്‍ നിന്നാണ് കടുവയ്ക്ക് കൊവിഡ് പകര്‍ന്നിരിക്കുന്നത്. അതേസമയം പ്രതീക്ഷയുടെ വെളിച്ചം ദൂരെ കണ്ട് തുടങ്ങി എന്നാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.

മരണനിരക്ക് കുറയുന്നു
ദിനംപ്രതി കൂറ്റന്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇറ്റലിയില്‍ ഞായറാഴ്ച ഏറ്റവും കുറഞ്ഞ മരണനിരക്കാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 525 പേരാണ് മരിച്ചത്. ഇറ്റലിയില്‍ ഇതുവരെ 128,948 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 15,887 കൊവിഡ് ബാധിച്ച് മരിച്ചു. സ്‌പെയിനില്‍ 131,646 പേര്‍ക്ക് കൊവിഡ് ഉണ്ട്.

ബ്രിട്ടനിൽ ആശങ്ക
കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 674 പേരാണ് സ്‌പെയിനില്‍ മരണപ്പെട്ടിരിക്കുന്നത്. ഇതോടെ സ്‌പെയിനിലെ മരണസംഖ്യ 12641 ആയി ഉയര്‍ന്നു. അതേസമയം ബ്രിട്ടനില്‍ മരണനിരക്ക് ഉയരുകയാണ്. 621 പേരാണ് ഞായറാഴ്ച രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 4934 ആയി ഉയര്‍ന്നു. 47806 പേര്‍ക്കാണ് ബ്രിട്ടണില്‍ രോഗം ബാധിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ആശുപത്രിയിൽ
അതിനിടെ കൊവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റി. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബോറിസ് ജോണ്‍സണ് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങളില്‍ മാറ്റമൊന്നും കാണാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. ജോണ്‍സണിന്റെ ഗര്‍ഭിണിയായ ഭാര്യക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

Exit mobile version