ഇംഗ്ലണ്ട്: കൊറോണ വ്യാപിച്ചാല്‍ സകല സന്നാഹങ്ങളും പ്രതിസന്ധിയിലാവുമെന്നും മെഡിക്കല്‍ ഉപകരണങ്ങളുടെയും കിറ്റുകളുടെയും കാര്യത്തില്‍ ദൗര്‍ലഭ്യം നേരിടുമെന്നുമുള്ള പ്രവചനങ്ങള്‍ ബ്രിട്ടനില്‍ ഇന്ന് അര്ഥവത്തായിരിക്കുകയാണ്. രോഗികളുടെ എണ്ണം കൂടിയതോടെ കിടക്കാനുള്ള ബെഡ്ഡുകളുടെ കാര്യത്തില്‍ വരെ ലഭ്യതക്കുറവുണ്ടായി.
സുരക്ഷാ കിറ്റുകളില്ലാത്തതിനാല്‍ ഒഴിവാക്കിയ പ്ലാസ്റ്റിക് കവറുകൊണ്ട് മുഖവും ശരീരവും മൂടിയാണ് രോഗികളെ പരിചരിക്കുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് ഡോക്ടർമാർ. ബിബിസിയാണ് കൊറോണക്കാലത്ത് ആരോഗ്യ മേഖലയില്‍ ബ്രിട്ടന് നേരിടുന്ന അതി കഠിന പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്തത്.
കാന്‍സര്‍ പോലുള്ള അടിയന്തിര ക്ലിനിക്കുകളുടെ പ്രവര്‍ത്തനം പോലും കൊറോണ രോഗികളുടെ ബാഹുല്യം കൊണ്ട് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മരുന്നുകള്‍ പോലും കുറവാണെന്നും യുകെയിലെ ഡോക്ടര്‍ വെളിപ്പെടുത്തുന്നു.
‘ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഐസിയുകള്‍ കോവിഡ് രോഗികളെക്കൊണ്ട് എന്നേ നിറഞ്ഞു. കൊറോണയല്ലാത്ത മറ്റ് അടിയന്തിര പരിചരണങ്ങളെല്ലം നിര്‍ത്തി വെച്ചു. കാന്‍സര്‍ ക്ലിനിക്കിന്റെ പ്രവര്‍ത്തനം പോലും നിര്‍ത്തിവെച്ചു.ആന്റിബയോട്ടികളുടെയും വെന്റിലേറ്ററുകളുടെയും ലഭ്യതക്കുറവുണ്ട് ‘ , പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഡോക്ടര്‍ ബിബിസിയോട് പറഞ്ഞു. ഇവെയല്ലാം കണക്കിലെടുക്കുമ്പോള്‍ യുകെയുടെ സ്ഥിതി ഏപ്രില്‍ മധ്യമാകുമ്പോൾ എന്തായിരിക്കുമെന്നത് പ്രവചിക്കാനാവുന്നതിലും അപ്പുറമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ ഭയപ്പെടുന്നത്.
42,479 കോവിഡ് കേസുകളാണ് ഇതുവരെ ഇംഗ്ലണ്ടില്‍ സ്ഥിരീകരിച്ചത്. 4320 പേരാണ് യുകെയില്‍ മരിച്ചത്. രോഗികളുടെ എണ്ണം കൂടിയതോടെ 13 മണിക്കൂര്‍ വരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രികളില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നത്. അതും പി.പി കിറ്റുകള്‍ ലഭിക്കാത്തതിനാല്‍ പ്ലാസ്റ്റിക് കവറു കൊണ്ട് മുഖവും ശരീരവും മറച്ചും സ്കൈ ഗോഗിള്‍സ് ഉപയോഗിച്ച് കണ്ണുകള്‍ മറച്ചുമാണ് ഐസിയുകളില്‍ ഡോക്ടര്‍മാരും നഴ്സുമാരും രോഗികളെ പരിചരിക്കുന്നതെന്നും ഡോക്ടര്‍ പറയുന്നു.
“മുഴുവന്‍ സമയവും രോഗികളുമായി ഇടപഴകുന്ന നഴ്സുമാര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ് നിലവില്‍ നല്‍കിയിരിക്കുന്ന തൊപ്പികളെല്ലാം വൈറസ് മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയുന്നവയല്ല അതിനാലാണ് പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് തലയും മുഖവുമെല്ലാം മറച്ച് അവര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിരാവുന്നത്”, ഡോക്ടര്‍ പറയുന്നു.
വിതരണം ചെയ്യാനാണ് പ്രശ്നമെന്നും സുരക്ഷാ കിറ്റുകള്‍ സൈന്യത്തിന്റെ സഹായത്തോടെ എത്രയും വേഗം എത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
10 ലക്ഷം മാസ്ക്കുകള്‍ ഏപ്രില്‍ ഒന്നിന് എല്ലായിടത്തും എത്തിച്ചിട്ടുണ്ടെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും തന്റെ ആശുപത്രിക്ക് ഇതൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. 2009 ല്‍ കാലാവധി കഴിഞ്ഞ സുരക്ഷാ കിറ്റുകളാണ് പലപ്പോഴും തങ്ങള്‍ക്ക് കിട്ടിയതെന്നും ഡോക്ടര്‍ പറയുന്നു.
“കഴിഞ്ഞ ദിവസം മൂന്ന് സ്റ്റിക്കര്‍ പതിച്ച മാസ്കാണ് തനിക്ക് ലഭിച്ചത്. 2021 കാലാവധി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പൊളിച്ചപ്പോള്‍ 2013 എന്ന കാലാവധി കണ്ടു, വീണ്ടും പൊളിച്ചപ്പോള്‍ 2009 എന്നായിരുന്നു കാലാവധി”, ഡോക്ടര്‍ പറയുന്നു.
നിലവില്‍ രോഗികളുടെ ബന്ധുക്കള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ ആശുപത്രികളില്‍ പ്രവേശനാനുമതി നല്‍കിയിട്ടില്ല. രോഗി മരിച്ചെന്നും രോഗിയെ കാണാന്‍ ആശുപത്രിയില്‍ പ്രവേശനം നല്കാന് കഴിയില്ലെന്നും പറയേണ്ടി വരുന്ന ഗതികേടിലാണ് തങ്ങള്‍.
ഐസിയുവില്‍ നിലവില്‍ പരിചരിച്ചിരുന്നതിനേക്കാള്‍ ഇരട്ടിയലധികം രോഗികളെ പരിചരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് നഴ്സുമാര്‍. ഇത് പരിചരണത്തിന്റെ നിലവാരത്തെ ബാധിക്കുന്നു. ഈ രീതിയില്‍ പോവുകയാണെങ്കില്‍ ഇറ്റലിയും സ്പെയിനും കടന്നു പോയ വഴികളിലൂടെ യുകെയും കടന്നു പോകേണ്ടി വരുമെന്നും ഡോക്ടര്‍ മുന്നറിയിപ്പു നല്കുന്നു.
സ്പെയിനില്‍ കെയര്‍ഹോമുകളിലുള്ള പ്രായമായവര്‍ യാതൊരു പരിചരണവും ലഭിക്കാതെ മരണത്തെ മുഖാമുഖം കാണുകയാണ്.
ശ്വാസകോശ സംബന്ധമായ രോഗമടക്കം ബാധിച്ചവരാണ് മിക്കവരും. പലവീടുകളിലും പ്രായമായ ആളുകളെ ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും പലരും ബെഡില്‍ മരിച്ച് കിടക്കുന്നതായി സൈന്യം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.