വെള്ളിയാഴ്ച്ച അവസാനിച്ച 24 മണിക്കൂര്‍ സമയത്തിനിടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 1480പേര്. കോവിഡ് രോഗം ലോകത്ത് പടര്‍ന്നു പിടിച്ച ശേഷം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെയുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മരണങ്ങളാണ് അമേരിക്കയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല പുറത്തുവിട്ട കോവിഡ് മരണത്തിന്റെ കണക്കുകളിലാണ് വിവരമുള്ളത്.
വ്യാഴാഴ്ച്ച രാത്രി എട്ടരമുതല്‍ വെള്ളിയാഴ്ച്ച രാത്രി എട്ടരവരെയുള്ള സമയത്താണ് ഇത്രയേറെ മരണം അമേരിക്കയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7406 ആയി.
ഏറ്റവും വേദനാജനകമായ ആഴ്ച്ചകളാണ് വരാനിരിക്കുന്നതെന്ന് രാജ്യത്തെ കോവിഡ് വ്യാപനം വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അമേരിക്കയില്‍ ഇതുവരെ 2.77 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ നാലില്‍ ഒന്നും അമേരിക്കയില്‍ നിന്നാണ്. കോവിഡ് പരിശോധിക്കുന്നത് ഏറ്റവും കൂടുതല്‍ അമേരിക്കയിലാണെന്നതും ഈ രോഗികളുടെ എണ്ണത്തെ സ്വാധീനിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം ശക്തമായ പ്രദേശങ്ങളില്‍ ജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് അമേരിക്കയിലെ രോഗനിയന്ത്രണ കേന്ദ്രത്തിന്റെ നിര്‍ദേശമാണെന്നും താന്‍ വ്യക്തിപരമായി മാസ്ക് ധരിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്കില്‍ മാത്രം 2900ലേറെ പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം മരിച്ചവരുടെ എണ്ണം 560ലേറെ വരും. കോവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായി ബാധിച്ച ന്യൂയോര്‍ക്ക് സിറ്റിയിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ആശുപത്രിയിലായ 15000ത്തിലേറെ പേരില്‍ ഭൂരിഭാഗവും നൂയോര്‍ക്ക് നഗരത്തിലാണ്.