Site icon Ente Koratty

വധശിക്ഷ കാത്തു നിൽക്കെ ഹൃദയാഘാതം മൂലം മരണം; മൃതദേഹം തൂക്കിലേറ്റി നിയമം നടപ്പിലാക്കി

വധശിക്ഷ കാത്തു നിൽക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ച യുവതിയുടെ മൃതദേഹം തൂക്കിലേറ്റി. ഇറാനിലാണ് സംഭവം. ഭർത്താവിനെ കൊന്ന കുറ്റത്തിന് തൂക്കിലേറ്റാൻ വിധിക്കപ്പെട്ട സഹ്‌റ ഇസ്മയിൽ എന്ന യുവതിയാണ് വധശിക്ഷയ്ക്ക് തൊട്ടു മുൻപ് ഹൃദയാഘാതം മൂലം മരിച്ചത്. നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭരണകൂടം മൃതദേഹം തൂക്കിലേറ്റുകയായിരുന്നു.

മകളോടും തന്നോടുമുള്ള ഭർത്താവിന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെയാണ് സഹ്‌റ കൊലപാതകം നടത്തിയത്. ഇതിന് പിന്നാലെ സഹ്‌റയെ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചു. സഹ്‌റയ്‌ക്കൊപ്പം തൂക്കിലേറ്റാൻ വിധിക്കപ്പെട്ട മറ്റ് പതിനാറ് പേരുടെ ശിക്ഷ നടപ്പാക്കുന്നതിനിടെയാണ് യുവതിക്ക് ഹൃദയാഘാതം സംഭവിച്ചത്.

ശരിയത്ത് നിയമമായ ക്വിസാസ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ നടപ്പാക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കൾക്ക് ശിക്ഷ നടത്തിപ്പിൽ പങ്കാളിയാകാൻ അവകാശമുണ്ട്. സഹ്‌റയുടെ ഭർതൃമാതാവിന് ഇതിനുള്ള അവകാശം നിഷേധിക്കപ്പെടാതിരിക്കാനാണ് മൃതദേഹം തൂക്കിലേറ്റിയത്. മൃതദേഹം തൂക്കിലേറ്റിയപ്പോൾ കാലിന് ചുവട്ടിലെ കസേര വലിച്ചു നീക്കിയത് ഭർതൃ മാതാവായിരുന്നു.

Exit mobile version