കാലിഫോർണിയയിലെ 45 വയസ്സുകാരൻ നഴ്സിന് വാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. കാലിഫോർണിയയിലെ രണ്ട് പ്രാദേശിക ആശുപത്രികളിലായി നഴ്സിംഗ് സേവനമനുഷ്ഠിക്കുന്ന മാത്യു ഡബ്യു ഒരാഴ്ച്ച മുന്നെയാണ് ഫൈസർ വാക്സിൻ സ്വീകരിച്ചത്. ഡിസംബർ 18ന് വാക്സിൻ സ്വീകരിച്ച അനുഭവം സമൂഹ മാധ്യമത്തിലൂടെ മാത്യു തന്നെ പങ്കുവെച്ചിരുന്നു. വാക്സിൻ എടുത്ത ശേഷം കൈ ചെറുതായി തടിച്ചുവെന്നല്ലാതെ മറ്റ് പാർശ്വഫലങ്ങളൊന്നും ഉണ്ടായില്ലെന്നും മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ഇതിന് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് മാത്യുവിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാൾ ചികിത്സ തേടിയതിന്റെ ഭാഗമായാണ് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തുന്നതും തുടർന്ന് രോഗ സ്ഥിരീകരണം നടത്തുന്നതും. എന്നാൽ ഇതിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ഇദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ ക്രിസ്ത്യൻ റാമേഴ്സ് പറയുന്നത്. വാക്സിനെടുത്ത് 10 മുതൽ 14 ദിവസം വരെയെങ്കിലുമെടുക്കും അത് ഫലപ്രദമാകാൻ എന്നാണ് ഡോക്ടർ റാമേഴ്സ് അഭിപ്രായപ്പെടുന്നത്. ആദ്യത്തെ ഡോസ് 50 ശതമാനവും രണ്ടാമത്തെ ഡോസ് 95 ശതമാനവും പ്രതിരോധശേഷിയാണ് വർധിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.