ഇന്ത്യക്കാർക്ക് ട്വിറ്ററിലൂടെ ദീപാവലി ആശംസിച്ചതിന് പിന്നാലെ വിമർശനത്തിന് വിധേയനായി നിയുക്ത അമേരിക്കൻ പ്രസിഡന്റ്
ജോ ബൈഡൻ. ഹിന്ദുക്കളും, ജൈനമതക്കാരും, സിഖുകാരും, ബുദ്ധമതക്കാരുമായ ലക്ഷക്കണക്കിനു പേർ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന അവസരത്തിൽ ഞാൻ നിങ്ങൾക്ക് ദീപാവലി ആശംസ നേരുന്നു എന്നു തുടങ്ങുന്നതാണ് ബൈഡന്റെ ട്വീറ്റ്.
‘നിങ്ങളുടെ പുതുവത്സരം പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയട്ടെ, സാൽ മുബാറക്ക്’ എന്ന് കുറിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. സാൽ മുബാറക്ക് ഇസ്ലാമിക രീതിയിലുള്ള ആശംസയാണെന്നും ദീപാവലിക്ക് ഇത്തരത്തിൽ ആശംസിച്ചത് ശരിയായില്ലെന്ന് പലരും വിമർശനമുന്നയിച്ച് രംഗത്ത് വന്നു. എന്നാൽ, സാൽ മുബാറക്കിന് ഇസ്ളാമിക ആഘോഷങ്ങളുമായി യാതൊരു ബന്ധമില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയാതെയാണ് ബൈഡനെ വിമർശനത്തിന്റെ മുൾമുനയിൽ നിർത്തിയത്.
മാത്രമല്ല, സാൽ മുബാറക്കിനെ കുറിച്ച് പ്രധാനമന്ത്രി തന്നെ മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തി പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ടതാണ് സാൽ മുബാറക്ക്. ദീപാവലിയുടെ തൊട്ടടുത്ത ദിനമാണ് ഗുജറാത്തിൽ പുതുവത്സരം ആഘോഷിക്കാറുള്ളതെന്ന് പ്രധാനമന്ത്രി 2017 ൽ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു.