അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ അന്തിമഘട്ടത്തിലെത്തിയപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബിഡന്‍റെ വിജയത്തിന് ആറ് ഇലക്ട്രൽ വോട്ട് മാത്രമാണ് അകലമുള്ളത്. ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ജോ ബിഡന് 264 ഇലക്ട്രൽ വോട്ടും, റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്‍റുമായ ഡൊണാൾഡ് ട്രംപിന് 214 വോട്ടുമാണുള്ളത്. 270 ഇലക്ട്രൽ വോട്ടുകളാണ് ജയിക്കാൻ വേണ്ടത്.
ചാഞ്ചാടിനിൽക്കുന്ന സംസ്ഥാനങ്ങളിൽ ജോർജിയയിലെ ഫലമാണ് ഏറെ നിർണായകമാകുന്നത്. 98 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോൾ ഇവിടെ 23000-ൽ ഏറെ വോട്ടുകൾക്ക് ട്രംപ് ലീഡ് ചെയ്യുകയാണ്. നേരത്തെ 38000-ൽ ഏറെ ഉണ്ടായിരുന്ന ലീഡാണ് ബിഡൻ കുറച്ചുകൊണ്ട് 23000-ൽ എത്തിച്ചത്. ഇനി രണ്ടു ശതമാനം വോട്ടുകൾ കൂടിയാണ് ഇവിടെ എണ്ണാനുള്ളത്. 16 ഇലക്ട്രൽ വോട്ടുകളുള്ള ജോർജിയയിൽ ബിഡൻ ക്യാംപ് അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം നിലവിൽ വോട്ടെണ്ണൽ നടക്കുന്ന നെവാദയിൽ മാത്രമാണ് ബിഡന് ലീഡുള്ളത്. ഇവിടെനിന്ന് ആറു ഇലക്ട്രൽ വോട്ടാണുള്ളത്. നെവാദയിൽ വിജയിക്കാനായാലും ബിഡന് അമേരിക്കൻ പ്രസിഡന്‍റാകാം. എന്നാൽ 75 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോൾ, എണ്ണായിരത്തോളം വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളത്.
ചാഞ്ചാടി നിൽക്കുന്ന സംസ്ഥാനങ്ങളായ നോർത്ത് കരോലിന, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ട്രംപിനാണ് ആധിപത്യം. നോർത്ത് കരോലിനയിൽ 94 ശതമാനം വോട്ടെണ്ണിയപ്പോൾ ട്രംപിന്റെ ലീഡ് 77000-ൽ ഏറെയാണ്. 89 ശതമാനം എണ്ണി കഴിഞ്ഞപ്പോൾ, 1.65 ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡാണ് ട്രംപിനുള്ളത്.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ജോ ബിഡനായിരുന്നു ആധിപത്യമെങ്കിലും, ഡൊണാൾഡ് ട്രംപ് ശക്തമായി തിരിച്ചടിച്ചു. നിർണായക സംസ്ഥാനമായ ഫ്ലോറിഡയിൽ അദ്ദേഹം ആധിപത്യത്തോടെ വിജയിച്ചു. ഫ്ലോറിഡയിൽ വിജയിക്കുന്നവരാണ് കഴിഞ്ഞ അര നൂറ്റാണ്ടിനിടെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുള്ളത്. ഇതിന് അപവാദമായത് 1992-ലെ തെരഞ്ഞെടുപ്പ് മാത്രമാണ്.