ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ നിർമിച്ച നിർമാണ കമ്പനിയായ അറബ്ടെക് പൂട്ടുന്നു. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ് യുഎഇയിലെ ഏറ്റവും വലിയ നിർമാണ കമ്പനിക്ക് പൂട്ടുവിഴുന്നത്. സാമ്പത്തിക സ്ഥിതി മോശമായതിനാണ് ലിക്വിഡേഷനിലേക്ക് പോകുന്നതെന്ന് അറബ്ടെക് ഔദ്യോഗികമായി അറിയിച്ചു
നിർമാണ മേഖലയിലുണ്ടായ ആഘാതങ്ങളും സാമ്പത്തിക പ്രയാസങ്ങളും കോവിഡ് 19ഉം അറബ്ടെക്കിന്റെ മുന്നോട്ടുപോക്കിനെ ബാധിച്ചുവെന്ന് ചെയർമാൻ വാലീദ് അൽ മൊകറാബ്ബ് അൽ മുഹൈരിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “നിയമപരവും വാണിജ്യപരവുമായ അവകാശങ്ങൾ നേടാനും കമ്പനിയുടെ ഫിനാൻസും പ്രവർത്തനങ്ങളും പുനസംഘടിപ്പിനുമുള്ള ശ്രമങ്ങൾ നടത്തിയിട്ടും തുടരാവുന്ന സ്ഥിതിയിലല്ല അറബ്ടെക് ഇന്നുള്ളത് ”- അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനിയുടെ ഭാവിയെക്കുറിച്ച് ആഴ്ചകളോളം പ്രചരിച്ച ഊഹാപോഹങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പ്രഖ്യാപനം വന്നിരിക്കുന്നത്. ബുധനാഴ്ച നടന്ന പൊതു അസംബ്ലി യോഗത്തിൽ മോശം സാമ്പത്തിക സ്ഥിതി കാരണം പ്രവർത്തനം അവസാനിപ്പിക്കാൻ ഓഹരി ഉടമകൾ തീരുമാനിക്കുകയായിരുന്നുവെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
നിയന്ത്രിതവും കാര്യക്ഷമവുമായ ഒരു പദ്ധതിയിലൂടെ ഓഹരി ഉടമകൾക്ക് മൂല്യം വർദ്ധിപ്പിക്കുന്നതിനുള്ള ലിക്വിഡേഷൻ പദ്ധതി മാനേജുമെന്റ് കൊണ്ടുവരും. “വരും ആഴ്ചകളിൽ, കമ്പനിയുടെ ബോർഡും മാനേജുമെന്റും എല്ലാ ഓഹരി ഉടമകൾക്കും ഉയർന്ന മൂല്യം ഉറപ്പാക്കുന്നതിന് റെഗുലേറ്റർമാരുമായി ചേർന്ന് പ്രവർത്തിക്കും,” ചെയർമാൻ പറഞ്ഞു. “ഈ തീരുമാനത്തെ നേരിട്ട് ബാധിച്ച എല്ലാവരേയും ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ന്യായമായി പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ഇപ്പോഴത്തെ മുൻഗണന.”
ബുധനാഴ്ച ചേർന്ന യോഗമാണ് കമ്പനി പിരിച്ചുവിടുന്നതിന് അനുമതി നൽകിയത്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിർമ്മിച്ച കമ്പനിയുടെ ഓഹരി വ്യാപാരം ഒക്ടോബർ ഒന്നിന് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് നിർത്തിവെച്ചിരുന്നു.