അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചു. തനിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നുവെന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഹോപ് ഹിക്സിന് രോഗം സ്ഥിരീകരിച്ചതോടെ തന്നെ ട്രംപും മെലാനിയയും ക്വാറന്റൈനിലേക്ക് മാറിയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചത്.
എയര്‍ഫോഴ്സ് വണില്‍ ഉപദേശക എന്ന അര്‍ത്ഥത്തില്‍ ഹോപ് ഹിക്സാണ് സാധാരണ സ്ഥിരമായി ട്രെംപിനെ അനുഗമിക്കാറുള്ളത്. ഈ ആഴ്ചയാദ്യം ക്ലിവെലാന്റില് വെച്ച് നടന്ന പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തിലും അവര്‍ അംഗമായിരുന്നു. ട്രംപിന്റെ പരിശോധനഫലം വരുന്നതിന് മുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍, തന്നെയും അമേരിക്കന്‍ ജനതയെയും പിന്തുണയ്ക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും വളരെ ഗൗരവമായി കാണുന്നുവെന്ന് ട്രംപിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. കൊവിഡ് വ്യാപനം പരമാവധി പരിമിതപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേര്‍ത്തു.