നേപ്പാളിലെ കേബിൾ ടിവി ഓപ്പറേറ്റർമാർ ഇന്ത്യൻ ടിവി ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തി. ദൂരദർശൻ ഒഴികെയുള്ള ചാനലുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ചാനലുകൾ ബാൻ ചെയ്തതിന് ഔദ്യോഗിക വിശദീകരണമെന്നും നൽകിയിട്ടില്ല.
‘ഇന്ന് വൈകുന്നേരം മുതൽ ഞങ്ങൾ ഇന്ത്യൻ ചാനലുകളുടെ സിഗ്നലുകൾ നിർത്തി വച്ചു’ നേപ്പാളിലെ മെഗാ മാക്‌സ് ടിവിയുടെ ഓപ്പറേറ്ററായ ദ്രുബാ ശർമ വാർത്താ ഏജൻസിയോട് വ്യക്തമാക്കി. നേപ്പാൾ ഉപപ്രധാനമന്ത്രിയും, ഭരിക്കുന്ന നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വക്താവുമായ നാരായൺ കാഞ്ചി ശ്രേഷ്ഠയുടെ പ്രസ്താവന പുറത്തുവന്നതിന് ശേഷമാണ് ചാനലുകൾക്ക് വിലക്ക് വന്നത്. നേപ്പാൾ സർക്കാരിനും പ്രധാനമന്ത്രിക്കും എതിരായ ഇന്ത്യൻ മാധ്യമങ്ങളുടെ അടിസ്ഥാന രഹിതമായ പ്രചാരണം നിർത്തിവയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അസംബന്ധം നിർത്തിവയ്ക്കണം, പരിധി കടന്നുകഴിഞ്ഞെന്നും ഇത് വളരെ കൂടുതലാണെന്നും ഉപപ്രധാനമന്ത്രി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൂടാതെ പ്രധാനമന്ത്രി കെപി ശർമാ ഒലിയുടെ പ്രധാന ഉപദേഷ്ടാവായ ബിഷ്ണു രാമൽ പറഞ്ഞത് ‘വളരെയധികം ആക്ഷേപങ്ങളാണ് ഇന്ത്യൻ മീഡിയയിൽ നിന്നും നേപ്പാൾ സർക്കാരിനും പ്രധാനമന്ത്രിക്കും എതിരെ വരുന്നത്’ എന്നാണ്.
ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പ് നേപ്പാൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഇന്ത്യയും നേപ്പാളുമായുള്ള ബന്ധം വഷളായി തുടങ്ങിയത്.