ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്ക. വാൾസ്ട്രീറ്റ് ജേണലാണ് അമേരിക്കയുടെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ് എന്നീ വിമാനവാഹനികൾ ശനിയാഴ്ച മുതൽ ദക്ഷിണ ചൈനാ കടലിലുണ്ടാകുമെന്ന് സ്ട്രൈക്ക് ഗ്രൂപ്പ് കമാൻഡറെ ഉദ്ധരിച്ച് യുഎസ് വാർത്താ ഏജൻസി വ്യക്തമാക്കി.
“പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പങ്കാളികളെയും സഖ്യകക്ഷികളെയും ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം,” റിയർ അഡ്മിറൽ ജോർജ്ജ് എം. വിക്കോഫ് പറഞ്ഞു.
ചൈനയുടെ സമീപകാല നടപടികളെ കഴിഞ്ഞ ദിവസം പെന്റഗൺ വിമർശിച്ചിരുന്നു. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ചൈനീസ് നീക്കങ്ങളെന്നായിരുന്നു പെന്റഗണിന്റെ പ്രതികരണം.
അതേസമയം സൈനികാഭ്യാസ പ്രകടനങ്ങൾക്കെതിരെ അമേരിക്ക നടത്തിയ വിമർസനങ്ങളെ ചൈന തള്ളിക്കളഞ്ഞിരുന്നു. സംഘർഷാവസ്ഥയ്ക്ക് കാരണം അമേരിക്കയാണെന്നും അവർ കുറ്റപ്പെടുത്തി.
ജൂലൈ ഒന്നു മുതൽ അഞ്ച് ദിവസം സൈനികാഭ്യാസം നടത്തുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. ചൈനയും വിയറ്റ്നാമും അവകാശവാദമുന്നയിക്കുന്ന പരാസൽ ദ്വീപിന് സമീപമാണ് അഭ്യാസപ്രകടനം.
ചൈനയുടെ നീക്കത്തിനെതിരെ വിയറ്റ്നാമും ഫിലിപ്പൈൻസും രംഗത്തെത്തിയിരുന്നു. മേഖലയിൽ സംഘർഷമുണ്ടാക്കുന്നത് അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
എണ്ണ, വാതക ശേഖരം സ്വന്തമാക്കുന്നതിനായി ചൈന അയൽ രാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.
ഊർജ്ജ സമ്പന്നമായ ദക്ഷിണ ചൈനാ കടലിന്റെ തൊണ്ണൂറ് ശതമാനവും തങ്ങളുടെ അധീനതയിലാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ ബ്രൂണൈ, മലേഷ്യ, ഫിലിപ്പൈൻസ്, തായ്വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇവിടെ അവകാശവാദമുന്നയിച്ചിട്ടുണ്ട്.