Site icon Ente Koratty

തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനടുത്തായി ന്യൂനമർദം: സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും

സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളത്തീരത്തിനടുത്തായി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദവും പിന്നീടുള്ള 24 മണിക്കൂറിൽ ചുഴലിക്കാറ്റുമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കാലവര്‍ഷം മുന്നില്‍ കണ്ട് ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് ടീം കേരളത്തിലേക്ക് എത്തും.

പ്രതീക്ഷിക്കപ്പെട്ടപോലെ നാളെത്തന്നെ കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനടുത്തായിട്ടാണ് ന്യൂനമർദം രൂപപ്പെട്ടത്.

വടക്ക് ദിശയിൽ മഹാരാഷ്ട്ര-ഗുജറാത്ത്‌ തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ശക്തമായ മഴ അടുത്ത 5 ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണ്.

കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 ടീം മുന്‍കൂട്ടി നിയോഗിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. മൊത്തം 28 ടീം സന്നദ്ധമായി നില്‍ക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ആദ്യ സംഘമായി 4 ടീം കേരളത്തില്‍ എത്തും എന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു. ബി.എസ്.എഫിന്‍റെ രണ്ട് വാട്ടര്‍ വിങ്ങ് ടീം മുന്‍കൂട്ടി എത്തിക്കണം എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version