Site icon Ente Koratty

അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത; ഇന്ന് അർധരാത്രി മുതൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 2020 മെയ് 31നോട് കൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി ഒരു ന്യൂനമർദം 2020 മെയ് 29നോട് കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലിൽ ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ 2020 മെയ് 28 മുതൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും മത്സ്യബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. മെയ് 28ന് ശേഷം കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. നിലവിൽ ആഴക്കടൽ, ദീർഘദൂര മത്സ്യബന്ധനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നവർ മെയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യേണ്ടതാണ്.

ന്യൂനമർദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകൾ നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

കടൽ പ്രക്ഷുബ്ധമാകും എന്നതിനാൽ മൽസ്യബന്ധന നിരോധനത്തോടൊപ്പം കടലാക്രമണ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ കണ്ടത്തി കോവിഡ് 19 പശ്ചാത്തലത്തിൽ ‘ഓറഞ്ച് ബുക്ക് 2020’ ലെ മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കി വെക്കാനും അവ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷക്കായി മുൻകരുതൽ നിർദേശങ്ങൾ തയ്യാറാക്കി മൽസ്യബന്ധന കേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും പ്രചരിപ്പിക്കാനും ഫിഷറീസ് വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ പൊതുവിൽ ശക്തമായ കാറ്റ് മൂലം മരങ്ങൾ കടപൊഴുകി വീഴാനും ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റുകൾ ഒടിഞ്ഞു വീഴാനും അത് മൂലമുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. ഇത്തരത്തിൽ അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയിൽ പെട്ടാൽ കൺട്രോൾ റൂമുകളിൽ വിവരം അറിയിക്കേണ്ടതാണ്.ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ആയതിനാൽ വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ന്യൂനമർദം സ്വാധീനത്താൽ മഴ ലഭിക്കുന്ന ഘട്ടത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളിൽ ക്യാമ്പുകൾ സജ്ജീകരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. അധികൃതർ നിർദേശിക്കുന്ന മുറക്ക് മാറിത്താമസിക്കേണ്ടതാണ്.

മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനുള്ള സാധ്യതയുണ്ട് അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്.

ജില്ല EOC കൾ, താലൂക്ക് കണ്ട്രോൾ റൂമുകൾ, ഫിഷെറീസ്, KSEB, പോലീസ് വകുപ്പുകളുടെ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. 1077 എന്ന ടോൾഫ്രീ നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തെ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കുകയും അവ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും വേണം. വിവിധ വകുപ്പുകൾ പ്രവർത്തിക്കേണ്ട വിധം, മുന്നറിയിപ്പുകൾ മനസ്സിലാക്കേണ്ട വിധം, കോവിഡ് 19 പശ്ചാത്തലത്തിൽ ക്യാമ്പുകൾ സജ്ജീകരിക്കേണ്ട രീതി, വിവിധ പ്രോട്ടോക്കോളുകൾ എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ‘ഓറഞ്ച് ബുക്ക് 2020’ ൽ വിശദീകരിക്കുന്നുണ്ട്. ‘ഓറഞ്ച് ബുക്ക് 2020’ മാർഗ നിർദേശങ്ങൾക്ക് അനുസരിച്ച് ഓരോ വകുപ്പും പ്രതികരണ-പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യണം. ഓറഞ്ച് ബുക്ക് 2020 https://sdma.kerala.gov.in/wp-content/uploads/2020/05/Orange-Book-of-Disaster-Management-2-2020-1.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തുടർന്നുള്ള മുന്നറിയിപ്പുകളും നിർദേശങ്ങളും ശ്രദ്ധിക്കുക. കർശനമായി പാലിക്കുക.

ഇന്ന് (27-05-2020) കേരള തീർത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. താഴെ പറയുന്ന പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
ഗൾഫ് ഓഫ് മാന്നാർ, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.

Exit mobile version