Site icon Ente Koratty

‘നിവര്‍’ ചുഴലിക്കാറ്റിന് പിന്നാലെ പുതിയ ന്യൂനമര്‍ദത്തിന് സാധ്യത

‘നിവര്‍’ ചുഴലിക്കാറ്റിന് പിന്നാലെ പുതിയ ന്യൂനമര്‍ദം. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ന്യൂനമര്‍ദം നിവര്‍ ചുഴലിക്കാറ്റിന്റെ പാത പിന്തുടരാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്.

സംസ്ഥാനത്ത് സാധാരണ മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. അടുത്ത 24 മണിക്കൂറില്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. നിവര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കന്യാകുമാരി, തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കര്‍ശന മുന്നറിയിപ്പ്.

അതേസമയം ‘നിവര്‍’ ചുഴലിക്കാറ്റ് ദുര്‍ബലമാകുകയാണ്. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ചുഴലികാറ്റ് കൊടുങ്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിവര്‍ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറന്‍ കര്‍ണാടകയിലേക്ക് നീങ്ങുകയാണ്. കര്‍ണാടകയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗളൂരു നഗരത്തില്‍ മഴ മുന്നറിയിപ്പുണ്ട്. ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ചെന്നൈയില്‍ അടച്ചിട്ട റോഡുകള്‍ തുറന്നു.

തമിഴ്‌നാട്ടിലെ തീര പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുന്നുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, വിളുപുരം എന്നിവിടങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ചെമ്പരാപ്പാക്കം തടാകത്തില്‍ നിന്ന് വെള്ളം വിടുന്നത് 1500 ഘനയടിയാക്കി കുറച്ചു.

Exit mobile version