Site icon Ente Koratty

ബംഗാള്‍ ഉള്‍ക്കടലില്‍ ഇരട്ട ന്യൂന മര്‍ദ്ദം; സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ഇരട്ട ന്യൂന മര്‍ദ്ദ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ആദ്യ ന്യൂനമര്‍ദ്ദം നാളത്തോടെയും രണ്ടാം ന്യൂനമര്‍ദ്ദംസെപ്റ്റംബര്‍ 20 ഓടെയും രൂപപ്പെടാനാണ് സാധ്യത.കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് 11 ജില്ലകളിലാണ് മഴമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇടുക്കി, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും പത്ത് ജില്ലകളില്‍ മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

അടുത്ത ദിവസങ്ങളില്‍ബംഗാള്‍ ഉള്‍ക്കടലില്‍ ഇരട്ട ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആദ്യ ന്യൂനമര്‍ദ്ദം നാളത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിനടുത്തായി രൂപപ്പെടാനാണ് സാധ്യത. സെപ്റ്റംബര്‍ പത്തൊന്‍പതോടെയോ ഇരുപതോടെയൊ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യത പ്രവചിക്കുന്നു. രണ്ടാം ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ ഇപ്പോഴത്തെ പ്രവചന പ്രകാരം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് ഇത് കാരണമാകും. നാളെയും മറ്റന്നാളും മധ്യകേരളം മുതല്‍ വടക്കോട്ടു പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. നാളെ കാസര്‍ഗോഡ് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.

Exit mobile version