Site icon Ente Koratty

സംസ്ഥാനത്ത് അതിതീവ്ര മഴ; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാടുകാണി ചുരത്തിൽ വിള്ളൽ കണ്ടെത്തി. 30 മീറ്റർ നീളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. ഒന്നാം വളവിന് മുകളിൽ അത്തിക്കുറുക്കിലാണ് വിള്ളൽ രൂപപ്പെട്ടത്. അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ കരമനയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. നീരൊഴുക്ക് വർധിച്ചതിനാൽ ആരും നദിയിൽ ഇറങ്ങാൻ പാടില്ല എന്നും മുന്നറിയിപ്പ് നല്‍കി.

ഇന്നലെ കോഴിക്കോട് വടകരയിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്. 33 സെൻ്റീമീറ്റർ മഴയാണ് വടകരയില്‍ രേഖപ്പെടുത്തിയത്. മഴ വ്യാപകമായ സാഹചര്യത്തില്‍ 342 ക്യാമ്പുകളിലായി 3530 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവൻ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എഞ്ചിനീയർമാരുടെ കണ്ട്രോൾ റൂം പ്രവർത്തനം തുടങ്ങി. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്തു പള്ളത്തുള്ള ഡാം സേഫ്റ്റി ഓർഗനൈസേഷനിലുമുള്ള കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ഡാമുകളിൽ സാറ്റലൈറ്റ് ഫോണുകൾ ഉൾപ്പടെയുള്ള സമാന്തര വാർത്താ വിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Exit mobile version