Site icon Ente Koratty

പ്രളയപ്പേടിയില്‍ കേരളം; വടക്കന്‍ കേരളത്തില്‍ പെരുമഴ, മഴക്കെടുതിയില്‍ രണ്ട് മരണം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് തുടരുകയാണ്. മഴക്കെടുതിയില്‍ രണ്ട് പേര്‍ മരിച്ചു.ദുരന്തനിവാരണ സേനയുടെ ആറ് യൂണിറ്റ് കേളത്തിലെത്തി.

ഈ മാസം ഒമ്പത് വരെ തീവ്രവും അതിതീവ്രവുമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരിക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ശനിയാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അതിതീവ്രമഴക്ക് സാധ്യത. ഒമ്പതാം തീയതി മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളില്‍ 20 സെന്‍റീമീറ്ററിന് മുകളില്‍ മഴയുണ്ടാകും. തീവ്രമഴക്കൊപ്പം അതിശക്തമായ കാറ്റും തുടരും. അഞ്ച് മീറ്ററ്‍ വരെ ഉയരത്തില്‍ തിരലമാലക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

പ്രളയ സാധ്യത മുന്നില്‍ കണ്ട് ആറ് എന്‍ഡിആര്‍എഫ് ടീമുകള്‍ സജ്ജമാണ്. ഇതില്‍ ഒരു ടീം നിലമ്പൂരിലാണ് വിന്യസിച്ചിരിക്കുന്നത്. മഴക്കെടുതിയില്‍ രണ്ട് പേര്‍ ഇന്ന് മരിച്ചു. തിരുവനന്തപുരത്ത് മരം കടപുഴകി വീണ് നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന്‍ അജയനാണ് മരിച്ചത്. ഉഴമലയ്ക്കൽ കാരിനാട് വെച്ചായിരുന്നു അപകടം. എറണാകുളം എളങ്കുന്നപ്പുഴയില്‍ ഇന്നലെ തോണി മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. നായരമ്പലം സ്വദേശി സന്തോഷാണ് മുങ്ങിമരിച്ചത്.

കാണാതായ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ശക്തമായ കാറ്റിൽ വെഞ്ഞാറമൂട് മേഖലയിൽ മരങ്ങൾ കടപുഴകി വീണു. പലയിടത്തും വൈദ്യുതി പോസ്റ്റ് വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

Exit mobile version