Site icon Ente Koratty

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കനത്ത മഴയ്ക്ക് സാധ്യത; ഭവാനി പുഴ കരകവിഞ്ഞൊഴുകി

പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കുമെന്ന് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴക്ക് സാധ്യത. ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.

കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം വരുന്ന ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ ഇന്നലെ രാത്രി മുതൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മരങ്ങൾ കടപുഴകി വീണതോടെ വൈദ്യുതി ബന്ധം പലയിടങ്ങളിലും തകരാറിലായി.

കല്ലാർകുട്ടി, പ്ലാംബ ഡാമുകളുടെ അഞ്ച് ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ കല്ലാർകുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. പെരിയാർ, മുതിരപ്പുഴയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്.

പാലക്കാട് ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടിയിൽ ഭവാനിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ താവളത്ത് നിന്ന് മുള്ളിയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിലെ മലയോര മേഖലകളിൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

Exit mobile version