Site icon Ente Koratty

മണ്‍സൂണ്‍ ആദ്യപകുതി പിന്നിട്ടു; കേരളത്തിൽ 23% കുറവ്: വരുംദിനങ്ങളിൽ മഴ കൂടുമെന്നും പ്രവചനം

തിരുവനന്തപുരം: മൺസൂൺ ആദ്യപകുതി പിന്നിടുമ്പോള്‍ മഴയില്‍ നേരിയ കുറവ്. പ്രവചിക്കപ്പെട്ടതിനെക്കാള്‍ 23 ശതമാനം മഴയാണ് കുറഞ്ഞത്. ജൂണ്‍ 1 ന് മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ച് ഇന്നലെ വരെ ലഭിക്കേണ്ടത് 1363 മില്ലീമീറ്റര്‍ മഴ. ലഭിച്ചതാകട്ടെ 1050.1  മില്ലിമീറ്റര്‍. ജൂൺ മാസം പിന്നിട്ടപ്പോൾ 17 ശതമാനമായിരുന്നു കുറവ്.

കേരളത്തിൽ  കോഴിക്കോട്, കണ്ണൂർ ഒഴികെ എല്ലാ ജില്ലകളിലും ശരാശരിക്കും താഴെ മാത്രമാണ് മഴ ലഭിച്ചത്. കോഴിക്കോട്  ജില്ലയിൽ ഇതുവരെ പെയ്തത് 1902.6 മില്ലിമീറ്റർ, കണ്ണൂർ 1844 മില്ലീമീറ്റർ മഴയും ലഭിച്ചു. ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ കാസറഗോഡ് ആണെങ്കിലും ലഭിക്കേണ്ട മഴയെക്കാൾ 5% കുറവാണ് ഇതുവരെ ലഭിച്ചത്. കാസർഗോഡ് രണ്ട് മാസം 1937.1 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടത് 2040.6 മില്ലീമീറ്റർ മഴയാണ്.

വയനാട് ഇടുക്കി എന്നിവിടങ്ങളിൽ ആണ് ഏറ്റവും കുറവ് മഴ. വയനാട് 1719. 5 മില്ലിമീറ്റർ ലഭിക്കേണ്ടിടത്തു ആകെ പെയ്തത് 719.7 മില്ലിമീറ്റർ മഴയാണ്. 58 ശതമാനമാണ് കുറവ് . ഇടുക്കിയിൽ  44 ശതമാനവും കുറഞ്ഞു. ഇടുക്കിയിൽ പെയ്തത് 923.5 മില്ലിമീറ്റർ മഴ. ലഭിക്കേണ്ടതാകട്ടെ 1661. 7 മില്ലീമീറ്റർ മഴയും
വരും ദിവസങ്ങളില്‍ മഴ കൂടുമെന്നാണ് പ്രവചനം. വരുന്ന രണ്ടാഴ്ചകളില്‍ കേരളത്തില്‍ സാധാരണയെക്കാള്‍ ഉയര്‍ന്ന അളവില്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.

ഒഡീഷ തീരത്തിനടുത്തായി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ആഴ്ച ന്യൂനമര്‍ദം രൂപപ്പെട്ടേക്കും.  അതിന് അടുത്ത ആഴ്ച മറ്റൊരു ന്യൂനമര്‍ദവും രൂപപ്പെട്ടേയ്ക്കും.രണ്ടാമത്തെ ന്യൂനമര്‍ദം അധികം ശക്തിപ്രാപിക്കാന്‍ സാധ്യതയില്ല. എന്നാല്‍ രണ്ട് ന്യൂനമര്‍ദത്തിന്റെയും ഫലമായി കേരളത്തില്‍ മഴ ശക്തമായി ലഭിക്കുമെന്നാണ് പ്രവചനം. നാളെ മുതല്‍ മൂന്നു ദിവസം കേരള, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം.

Exit mobile version