Site icon Ente Koratty

വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ 26 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജൂൺ 27 ന് കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് അതിതീവ്ര മഴക്ക് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.  24 മണിക്കൂറിൽ 204 mm ൽ അധികം മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്ര മഴ (Extremely Heavy) കൊണ്ട് ഉദ്ദേശിക്കുന്നത്.

ജൂൺ 26 ന് കൊല്ലം, ആലപ്പുഴ,കോട്ടയം,എറണാകുളം എന്നീ ജില്ലകളിൽ അതിശക്തമായ മഴക്കുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 115 mm മുതൽ 204 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ജൂൺ 26നും കോഴിക്കോട്, വയനാട് ജില്ലകളിൽ ജൂൺ 27നും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നാണ് അറിയിപ്പ്.

ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.. ഈ ജില്ലകളിൽ
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ് മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

Exit mobile version