Site icon Ente Koratty

ഒക്ടോബര്‍ 21- പ്രശസ്ത കവി എ. അയ്യപ്പന്റെ ചരമ ദിനം

ഡേവീസ് വല്ലൂരാന്‍, തിരുമുടിക്കുന്

‘എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
        ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
        എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
        ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
        ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം ‘

തെരുവിന്റെ കവി എന്ന് വാഴ്ത്തപ്പെട്ട് തെരുവില്‍ എരിഞ്ഞടങ്ങിയ പ്രശസ്ത കവി ശ്രീ  എ. അയ്യപ്പന്റെ “ എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ” എന്ന കവിതയിലെ  ആദ്യ വരികളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്. മരണത്തെ കുറിച്ചും , മരണാനന്തര അവസ്ഥയെ കുറിച്ചും , അതില്‍ നശിക്കാതെ നില്‍ക്കുന്ന പ്രണയത്തെ കുറിച്ചും കവിയുടെ വികാര വിചാരങ്ങള്‍ ഈ കവിതയില്‍ പ്രകടമാണ്.
                                                          ജനനവും മരണവും ഒക്ടോബര്‍ മാസത്തില്‍ ആയിട്ടുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ശ്രീ എ. അയ്യപ്പന്‍. 1949 ഒക്ടോബര്‍ 27ന് തിരുവനന്തപുരം ജില്ലയില്‍ ബാലരാമപുരത്ത് അദ്ദേഹം  ജനിച്ചു . അഛന്‍ അറുമുഖവും  അമ്മ മുത്തമ്മാളും കവിയുടെ ബാല്യത്തില്‍ തന്നെ മരിച്ചു . വിദ്യാഭ്യാസം കഴിഞ്ഞ് `അക്ഷരം’ എന്ന മാസികയുടെ പ്രസാധകനും പത്രാധിപരുമായി. ജീവിക്കാന്‍ വേണ്ടിയാണ് അദ്ദേഹം കവിത എഴുതിയിരുന്നത്. പൊടിപ്പും തൊങ്ങലുമില്ലാത്ത നഗ്നജീവിതങ്ങളുടെ നേര്‍കാഴ്ചയാണ് അദ്ദേഹത്തിന്റെ കവിതകളില്‍ കാണുക.

                                                        കുടുംബം എന്ന വ്യവസ്ഥയോട് ചേര്‍ന്ന് പ്രണയത്തെ കാണാന്‍ തയ്യാറല്ലായിരുന്നു കവി എന്ന് അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചാല്‍ നമുക്ക് തോന്നും. തെരുവിന്റെ ഓരങ്ങളിലും പീടിക വരാന്തകളിലും തന്റെ സ്വപ്നങ്ങള്‍ അഴിച്ചുവെച്ചു അദ്ദേഹം . അതുകൊണ്ടാവാം അദ്ദേഹം സാധാരണക്കാരുടെ കവി എന്ന് അറിയപ്പെടുന്നത് . നിരവധി കവിതകളുടെ രചയിതാവാണ് ശ്രീ  അയ്യപ്പന്‍. “എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ” , “വെയില്‍ തിന്നുന്ന പക്ഷി”, ജയില്‍ മുറ്റത്തെ കാവല്‍കാരന്‍”, “ കല്‍ക്കരിയുടെ നിറമുള്ളവര്‍”, “മാളമില്ലാത്ത പാമ്പ്” എന്നിവ അവയില്‍ ചിലതാണ് . ആധുനികതയുടെ കാലത്തിനു ശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖ കവിയായിരുന്നു അദ്ദേഹം .

                                                      നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട് . 2010 ഒക്ടോബറില്‍ ചെന്നൈയില്‍ വച്ച് കൊടുക്കുന്ന , കവിതക്കുള്ള ആശാന്‍ പുരസ്കാരം വാങ്ങാന്‍ സാധിക്കുന്നതിന് മുന്‍പ്  അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞു. 2010 ഒക്ടോബര്‍ 21ന് ശ്രീ  എ. അയ്യപ്പന്‍ അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

                  

Exit mobile version