കൊല്ലം ഏരൂരില്‍ ചെള്ളുപനി സ്ഥിരീകരിച്ചു. ഏരൂര്‍ ആലഞ്ചേരി സ്വദേശിയായ നാലു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ചെള്ളു പനി കണ്ടെത്തിയത്. ഈ മാസം ഒന്നിന് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ രക്തസാമ്പിള്‍ പരിശോധനയില്‍ ചെള്ളു പനി സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ച്ചയിലധികമായി പനി ബാധിച്ച് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ കുട്ടിക്ക് കടുത്ത പനിക്കൊപ്പം ശരീരത്തില്‍ തടിപ്പും വ്യാപിച്ചതോടെയാണ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം വയനാട് ജില്ല ഉള്‍പ്പെടെ വിവിധ മലയോര മേഖലകളില്‍ ഒട്ടേറെ മരണങ്ങള്‍ക്ക് കാരണമായ രോഗമാണ് ചെള്ളുപ്പനി. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ വീടിന് സമീപത്തെ പുരയിടത്തില്‍ എലികളുടെ ശരീരത്തില്‍ നിന്നും രോഗവാഹകരായ ചെള്ളുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്നും, മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് രോഗം പകരില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് രോഗ പ്രതിരോധത്തിനാവശ്യമായ ഗുളികള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വിതരണം ചെയ്തു. അതേസമയം, രോഗമുക്തി നേടിയ കുട്ടി ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.