അനധികൃത സ്വത്ത് സമ്പാദന കേസിൽ കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെയുള്ള നടപടി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറു മാസത്തേക്കാണ് സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തിരുന്നത്.
സക്കീർ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നും, ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നും അന്വേഷണ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും സക്കീർ ഹുസൈനെതിരെ രൂക്ഷ വിമർശനങ്ങളുമുയർന്നിരുന്നു. നോർത്ത് കളമശേരി സ്കൂൾ ബ്രാഞ്ച് സെക്രട്ടറിയായ കെകെ ശിവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സക്കീർ ഹുസൈനെതിരേ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പാർട്ടി ജീവിതശൈലിക്ക് നിരക്കാത്ത രീതിയിൽ സ്വത്ത് സമ്പാദിച്ചു, വീടുകളും വാഹനങ്ങളും സ്വന്തമാക്കി, അനധികൃതമായി വിദേശയാത്രകൾ നടത്തി തുടങ്ങി നിരവധി ആരോപണങ്ങളാണ് സക്കീർ ഹുസൈനെതിരെ ഉന്നയിച്ചത്.