തൃശൂർ ജില്ലയുടെ തെക്കേ അതിർത്തിയായ കൊരട്ടിയിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറ് മാറിയുള്ള കൊച്ചു ഗ്രാമം…
നമ്മൾ 80കളിലെ മലയാള സിനിമകളിൽ കണ്ടിരുന്ന ഗ്രാമാന്തരീക്ഷം ഇപ്പോഴും ഇവിടെ കാണാം.. മൂന്ന് വശവും നെൽപാടങ്ങൾ നിറഞ്ഞ പ്രദേശം, കൃഷിയ്ക്ക് ശേഷം എല്ലാ വീടുകളിലും കറ്റകൾ ഒരുപാട് നിരത്തിയിടുമായിരുന്നു അങ്ങനെ കറ്റകൾ നിറഞ്ഞ പ്രദേശം പിന്നീട് കട്ടപ്പുറമായി മാറുകയായിരുന്നു.
നാനാജാതി മതസ്ഥർ തിങ്ങി പാർക്കുന്ന സ്ഥലം, ഇപ്പോഴും ടാർ ചെയ്യാത്ത ഗ്രാമത്തിന്റെ ഭംഗി വിളിച്ചോതുന്ന മൺ വഴികളും മുള്ള് വേലികളും നമുക്കിവിടെ കാണാം…സൗഹൃദങ്ങൾക്ക് ഒരുപാട് വില കൽപ്പിക്കുകയും സൗഹൃദങ്ങൾ കാത്ത് സൂക്ഷിക്കുവാനും ഓരോ കട്ടപ്പുറത്ത് കാരനും എപ്പോഴും ശ്രദ്ധിക്കാറുണ്ട്..നിഷ്കളങ്കമായ മനസ്സാണ് അതിന് കാരണം.
ഗ്രാമത്തിന്റെ തിലക കുറിയായി അറിയപ്പെടുന്നത് പാറപ്പുറം ജങ്ക്ഷനിൽ സ്ഥിതിചെയ്യുന്ന അത്യാവശ്യം നല്ല രീതിയിൽ പുസ്തകങ്ങൾ സൂക്ഷിച്ചിട്ടുള്ള വായനശാല തന്നെയാണ്, പുസ്തകങ്ങൾ വായിക്കുവാനും കുട്ടികൾക്ക് ക്യാരംസ് പോലെയുള്ള വിനോദങ്ങളിൽ ഏർപ്പെടുവാനും അവിടെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു… വലിയൊരു മരത്തിന്റെ തണലിൽ ആണ് ആ വായന ശാല സ്ഥിതി ചെയ്യുന്നത്.
ആരാധനലയങ്ങളായ തിരുകുടുംബ ദേവാലയത്തിലേയും ,അമ്പലങ്ങളിലേയും പെരുന്നാളുകൾക്കും ഉത്സവങ്ങൾക്കും എല്ലാവരുടേയും സഹകരണം എടുത്ത് പറയേണ്ടതാണ്… രാഷ്ട്രീയ ജാതി മത ഭേദമന്യേ എല്ലാവരും എല്ലാത്തിനും സഹകരിക്കും/ സഹായിക്കും … അത് നാട്ടുകാരുടെ ശീലമാണ്.
നേഴ്സറി സ്കൂൾ അടങ്ങുന്ന ചെറിയൊരു കോൺവന്റും, അതിനോട് ചേർന്ന് കല്യാണ മണ്ഡപം അല്ലെങ്കിൽ പാരീഷ് ഹാളും സ്ഥിതി ചെയ്യുന്നു.
നാട്ടിൻ പുറത്തേ പലക നിരത്തുന്ന വാതിലുകൾ ഉള്ള പീടികയടക്കം വിരലിൽ എണ്ണാവുന്ന കടകളും റേഷൻ കടയും പാൽ ഡയറിയും… പാടത്തിനോട് ചേർന്ന് ഒരു ഷാപ്പും, തേപ്പ് കടയും ,ഒരുപാട് കഥകൾ പങ്കുവെക്കപ്പെടുന്ന ചായക്കടയും എല്ലാം ഈ ഗ്രാമത്തിൽ ഉണ്ട്.
പ്രകൃതി രമണീയമായ ചാത്തൻ ചാൽ ദൃശ്യഭംഗിയ്ക്ക് വളരേ പ്രസിദ്ധമാണ്, മീൻ പിടിക്കുന്നവരുടെയും കാറ്റ് കൊള്ളാൻ വന്നിരിക്കുന്നവരുടെയും പ്രിയപ്പെട്ട ലൊക്കേഷൻ ആയ ചാത്തൻചാൽ കട്ടപ്പുറം ഇറിഗേഷൻ വെള്ളമാണ് കൂടുതലും കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നത്..കണ്ണചിറയും കൃഷി ആവശ്യത്തിനായി നിർമ്മിക്കപ്പെട്ടതാണ്.
നെൽ -ക്ഷീര കർഷക ഗ്രാമമാണെങ്കിലും എല്ലാ പണികൾക്കുമുള്ള ( ടൈൽ പ്ലമ്പർ, ആശാരി പണി, കൊല്ല പണി, തേപ്പ്,ഡിസൈൻ, ഗ്രോട്ടോ ഡിസൈൻ, ഇലക്ട്രീഷ്യൻ എന്നിങ്ങനെ ) കട്ടപുറത്തെ വിദഗ്ദരായ പണിക്കാർ പേര് കേട്ടതാണ്, ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ പണിക്കാരെ തേടി എത്താറുമുണ്ട്.
പതിറ്റാണ്ടുകൾ പഴക്കമുള്ള വിന്റേജ് കാറുകൾ പണിയുന്ന കേരളത്തിലെ തന്നെ പ്രമുഖ പണിക്കാർ കട്ടപ്പുറത്ത് ഉണ്ട്.
പട്ടാളക്കാർ, പോലീസ്കാർ , അധ്യാപകർ, നേഴ്സ്, ഡോക്ടറേറ്റ് ലഭിച്ചവർ, പ്രവാസികൾ, പുരോഹിതർ, സിസ്റ്റേഴ്സ് എന്നിങ്ങനെ സമൂഹത്തിന്റെ നില നിൽപ്പിനും സാമ്പത്തിക ഭദ്രതയ്ക്ക് അവിഭാജ്യവുമായ വിഭിന്ന മേഖലയിൽ ഉള്ളവർ കട്ടപ്പുറത്തിന്റെ സംഭാവനയാണ്.
സ്പോർട്സിനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന നാട്ടിലെ ക്ലബ്ബുകൾ, ക്രിക്കറ്റ് ഫുട്ബാൾ ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു അതിന്റെയൊക്കെ നേട്ടമെന്നോ അല്ലെങ്കിൽ പ്രചോദനമെന്നോണം കേരളത്തിന്റെ കായിക രംഗത്ത് നിറയേ സംഭാവനകൾ ചെയ്ത ഫുട്ബാൾ കളിക്കാർ, ബാസ്ക്കറ്റ് ബോൾ കളിക്കാർ തിരഞ്ഞെടുക്കപ്പെട്ട രണ്ട് ബാസ്ക്കറ്റ് ബോൾ കോച്ചുമാരും കട്ടപ്പുറത്ത് നിന്നുമാണ്.
ഇപ്പോൾ കൂടുതലും പേർക്ക് ബാഡ്മിന്റനോടാണ് താല്പര്യം, ഗ്രാമത്തിലെ പ്രമുഖ ക്ലബ്ബായ യുഫോബിയയിൽ ഇൻഡോർ ഷട്ടിൽ കളിക്കാനും പഠിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കട്ടപ്പുറത്തെ പുലർകാല കാഴ്ച്ചകൾ മനസിന് കുളിരേകുന്നതാണ്..ഒട്ടും മടിപിടിച്ചിരിക്കാതെ അതിരാവിലെ തന്നെ നടക്കാൻ ഇറങ്ങുന്നവർ ഒരുപാട് പേരാണ്.. കോടയുള്ള തണുത്ത വെളുപ്പാൻ കാലത്തായാലും ചൂടുള്ള സമയമായാലും അതിന് ആരും ഭംഗം വരുത്താറില്ല.. നടക്കാൻ പോകുന്നവരുടെ ഒരു കൂട്ടായ്മ്മ തന്നെയുണ്ട് ഇപ്പോൾ.. പാടത്തിന്റെ നടുവിലൂടെയുള്ള റോഡിലൂടെ നടക്കാനിറങ്ങുന്നവരും… ആരാധനാലയങ്ങലിലേക്ക് പോകുന്നവരും പരസ്പരം പങ്ക് വെയ്ക്കുന്ന ആ ഒരു പുഞ്ചിരിയിൽ ഉണ്ട് ആ നാടിന്റെ നന്മ… നമ്മളൊന്നാണെന്നുള്ള ആ ബോധ്യം..
വൈകീട്ടും കൂടുതൽ പേർ കുടുംബങ്ങളായി നടക്കാൻ ഇറങ്ങുന്നുണ്ട്.. കൊയ്ത്ത് കഴിഞ്ഞ പാടത്ത് വ്യായാമം ചെയ്യുന്നവരും കുറവല്ല.
ഒരു ഗ്രാമത്തിന്റെ ഭംഗി ക്യാമറയിൽ ഒപ്പിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം, കട്ടപ്പുറം കാഴ്ച്ചകളുടെ ഒരു കലവറയാണ്…
ലോകത്തിന്റെ ഏത് കോണിൽ ആയാലും നമുക്ക് ഇഷ്ട്ടം നമ്മുടെ കട്ടപ്പുറം തന്നെ… വെറുതെയാണോ കവി പാടിയത് ” നാട്യ പ്രധാനം നഗരം ദരിദ്രം…നാട്ടിൻ പുറം നന്മകളാൽ സമൃധം”